എന്താണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) ?
നമ്മൾ നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ ഗ്യാരന്റിയോടെ പലിശ ലഭിക്കുന്ന ഒരു നിക്ഷേപമാണ് PPF. എല്ലാ മൂന്നു മാസം കൂടുമ്പോഴും സർക്കാർ പലിശ നിരക്ക് നിശ്ചയിക്കുന്നുണ്ട് എന്നുള്ളതും നമ്മൾ നിക്ഷേപിക്കുന്ന പണത്തിനു ലഭിക്കുന്ന പലിശയ്ക്ക് നികുതി കൊടുക്കേണ്ട എന്നുള്ളതുമാണ് ഇതിന്റെ പ്രത്യേകത. ഇൻകംടാക്സ് act സെക്ഷൻ 80C പ്രകാരമാണ് PPF ന് നികുതി നൽകേണ്ട തായി വരാത്തത്. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കു. പക്ഷെ ഏത് പ്രായത്തിൽ ഉള്ളവർക്കും PPF ൽ നിക്ഷേപം നടത്താം എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
ഒരാൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അല്ലങ്കിൽ സമ്പാദ്യത്തിന്റെ 10 ശതമാനം എങ്കിലും PPF അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കാൻ തീർച്ചയായും ഉപകരിക്കുന്നതാണ്.
PPF അക്കൗണ്ടിന്റെ കാലാവധി കുറഞ്ഞത് 15 വർഷമാണ്. അതിനു ശേഷം 5 വർഷം വീതം എത്ര വർഷം വേണമെങ്കിലും നീട്ടാവുന്നതാണ്. എന്നാൽ നിങ്ങളുടെ ചില പ്രത്യേക പ്രതിസന്ധികളിൽ PPF പിൻവലിക്കാനും സാധിക്കുന്നതാണ്. ഉദാഹരണത്തിന് വീട്ടിൽ ആർക്കെങ്കിലും ഗുരുതര രോഗം വന്നാൽ ചികിത്സക്കായും. മക്കളുടെ അല്ലെങ്കിൽ നിങ്ങളുടെ പഠന കാര്യങ്ങൾക്കും മതിയായ രേഖകൾ ഹാജരാക്കിയാൽ മതിയാകും. മാത്രമല്ല ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഭാഗീകമായും പിൻവലിക്കാവുന്നതാണ്.
ഒരു വർഷത്തിൽ എത്ര തവണ വേണമെങ്കിലും PPF ൽ നിക്ഷേപം നടത്താവുന്നതാണ്.എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി ഒന്നര ലക്ഷം രൂപ മാത്രമേ നിങ്ങൾക്ക് നിക്ഷേപിക്കാനാവൂ. കഴിയുന്നതും എല്ലാമാസവും മുഴുവൻ പലിശയും ലഭിക്കുവാൻ അഞ്ചാം തിയതിക്ക് മുൻപ് പൈസ ഇടുന്നതാണ് ഏറ്റവും നല്ലത്. PPF നിക്ഷേപത്തിന് വർഷത്തിൽ ഏറ്റവും കുറഞ്ഞത് 500 രൂപ നിക്ഷപിക്കാനായാൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള സമയങ്ങളിൽ പിഴ ഒഴിവാക്കാനാകും. അതായത് ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപതുക 500 രൂപയാണ്.
ഏതെങ്കിലും വാണിജ്യ ബാങ്കിൽ പോയാലും ( sbi, canara, hdfc etc..) അംഗീകരിച്ച പോസ്റ്റാഫിസുകളിലും PPF അക്കൗണ്ട് തുറക്കാൻ സാധിക്കുന്നതാണ്. ഏത് പ്രായക്കാർക്കും തുറക്കാമെങ്കിലും ഒരാൾക്ക് ഒരു PPF അക്കൗണ്ട് മാത്രമേ തുറക്കാൻ അനുവദിക്കുന്നുള്ളു.
PPF ൽ നിക്ഷേപിക്കുന്നവർക്ക് 7% പലിശയാണ് ലഭിക്കുന്നത് എങ്കിലും ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിനെ അപേക്ഷിച്ചു ലാഭകരമാണ്. കാരണം നമ്മൾ FD ഇടുന്ന പണത്തിൽ നിന്നും ലഭിക്കുന്ന പലിശക്ക് നികുതി നൽകേണ്ടതായി വരുമ്പോൾ PPF നെ നികുതിയിൽ നിന്നും സർക്കാർ പൂർണ്ണമായും ഒഴിവാക്കിയിട്ടുള്ളതിനാൽ അധിക വരുമാനമാണ് ഉണ്ടാവുന്നത്. നിങ്ങളുടെ മുഴുവൻ സ്വത്തുക്കളും ജപ്തി ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ പോലും PPF അക്കൗണ്ടിലുള്ള പണം നിങ്ങൾക്ക് ലഭിക്കും എന്നുള്ളതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. മാത്രമല്ല നിങ്ങൾ ആദായ നികുതി നൽകുന്നവരാണെങ്കിൽ നികുതി കുറക്കുവാൻ സാമ്പത്തിക വർഷഅവസാനത്തിൽ PPF ലേക്ക് കൂടുതൽ പണം നിക്ഷേപിച്ചു ഇൻകം ടാക്സിൽ നിന്നും ഒഴിവാകാനും സാധിക്കുന്നതാണ്. അതിനാൽ നിങ്ങൾക്ക് ഒരു PPF അക്കൗണ്ട് ഇതുവരെയും ഇല്ലെങ്കിൽ തീർച്ചയായും ഇന്നുതന്നെ അതിനു വേണ്ട കാര്യങ്ങൾ തുടങ്ങി സാമ്പത്തിക ഭദ്രതയുള്ള ഒരു ജീവിതം കെട്ടിപ്പെടുത്തുക.