സാധാരണക്കാരന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നതും പെട്ടന്ന് ചേരാവുന്നതുമായ ഒരു നിക്ഷേപ പദ്ധതിയാണ് ചിട്ടികൾ. എന്നാൽ ഇതിൽ നിന്നും മികച്ച വരുമാനം ലഭിക്കുന്നില്ല എന്നതാണ് പരമമായ സത്യം!. പക്ഷേ ഒരു ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്കോ കടക്കെണിയിൽ വീണവർക്കോ എളുപ്പത്തിൽ അവരുടെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ചിട്ടികൾ സഹായിക്കുന്നുണ്ട്.
എന്താണ് ചിട്ടികൾ
പങ്കുചേരുന്നവരുടെ അടുത്ത് നിന്നും തുല്യമായ തുക പിരിച്ചെടുത്ത് ആവശ്യമുള്ള ആളിന് ലേലം ചെയ്തു കൊടുക്കുന്നതാണ് ചിട്ടി. എല്ലാ ചിട്ടികൾക്കും ഒരു ചിട്ടി നടത്തിപ്പുകാരൻ ( ഒരു സ്ഥാപനം ) ഉണ്ടാകും. നമുക്ക് അറിയാവുന്ന ഒരു ചിട്ടി നടത്തിപ്പുകാരനാണ് കേരള സർക്കാരിന്റെ KSFE എന്ന സ്ഥാപനം. ഒരു ചിട്ടിയിൽ 20 പേർ അംഗങ്ങളിയിട്ട് ചേർന്നാൽ 20 പ്രാവശ്യം ഓരോ ആളിൽ നിന്നും പൈസ പിരിച്ചെടുക്കുകയും ഓരോ തവണയും ഏറ്റവും കുറച്ചു പൈസയ്ക്ക് ലേലം വിളിയ്ക്കുന്നആളിന് തുക നൽകുകയും ചെയ്യുന്നു.
ചിട്ടികളിൽ നിന്നും നമുക്ക് നേട്ടം ഉണ്ടാകുന്നത് എങ്ങനെയാണ്?
KSFE ഒരു ചിട്ടി ആരംഭിക്കുന്നു എന്ന് കരുതുക. പത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും നമ്മൾ ചിട്ടിയെ കുറിച്ച് അറിയുന്നു. ചിട്ടിയുടെ തുക 2 ലക്ഷം എന്ന് നമ്മൾ മനസിലാക്കുന്നു. ഇതിൽ 20 അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക. കാലാവധി 20 മാസവും. ഓരോ വ്യക്തിയും ഓരോ മാസവും 10,000 രൂപ വെച്ച് അടച്ചാൽ ആയിരിക്കും 20 മാസം കഴിയുമ്പോൾ 2 ലക്ഷം രൂപ ഒരാൾക്ക് ആകുന്നത് എന്ന് നമുക്ക് അറിയാവുന്നത് .ആദ്യമാസം നമ്മൾ 10000 രൂപ അടച്ചു കഴിഞ്ഞാൽ സാധാരണ KSFE ചിട്ടികൾ രണ്ടാമത്തെ മാസം മുതൽ 7000 രൂപയൊക്കെയേ അടയ്‌ക്കേണ്ടതായി വരികയുള്ളൂ ഇതാണ് നമ്മുടെ ലാഭം. നമുക്ക് ലാഭം കിട്ടുന്നത് എങ്ങനെ എന്ന് സംശയം ഉണ്ടാവും അല്ലേ…
രണ്ടാമത്തെ മാസം എല്ലാവരിലും നിന്നും പൈസ പിരിക്കുകയും 20 പേരിൽ നിന്നും നറുക്കിട്ട് ഒരാൾക്ക് ചിട്ടിത്തുകയുടെ 5% കുറവിൽ നൽകുന്നു. എന്ന് പറഞ്ഞാൽ മേൽപ്പറഞ്ഞ ചിട്ടിയിൽ ആണെങ്കിൽ 1.90 ലക്ഷം രൂപ നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. ചിട്ടി കിട്ടിയാലും അയാൾ 20 തവണ ചിട്ടി തുക അടയ്ക്കണം എന്ന് ഓർക്കുക. എന്നാൽ ഇങ്ങനെ പോയാൽ ആവശ്യക്കാരന് മുഴുവൻ തുക ലഭിക്കുവാൻ ചിലപ്പോൾ അവസാന അടവ് വരെ കാത്തിരിക്കേണ്ടതായും വരും. അതിനാൽ ആവശ്യക്കാരന് ചിട്ടി ആദ്യം തന്നെ ലഭിക്കുവാൻ ലേലം വിളിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ തുക വിളിയ്ക്കുന്ന ആളിന് ആ മാസം ചിട്ടിതുക ലഭിക്കുന്നു. മേൽപ്പറഞ്ഞ 2 ലക്ഷം രൂപയുടെ ചിട്ടി ഒരാൾ 1.5ലക്ഷത്തിന് വിളിച്ചെടുത്താൽ ആ മാസം എല്ലാവരും അടയ്‌ക്കേണ്ട തുക എന്ന് പറയുന്നത് 8000 രൂപയ്ക്കുള്ളിൽ മതിയാകും. അതായത് ഇ ഒന്നരലക്ഷം രൂപയെ അടയ്‌ക്കേണ്ട മാസങ്ങളുടെ എണ്ണം കൊണ്ട് ഭാഗിച്ചു കിട്ടുന്ന തുകയും ksfe ചിട്ടി നടത്തിപ്പിനായി ഉള്ള 5% ചെലവും ചേർത്തുള്ള തുക മാത്രം അടയ്ച്ചാൽ മതിയാകും. ഇവിടെ 10000 രൂപ അടയ്‌ക്കേണ്ടിടത്ത് 8000 രൂപ മാത്രമേ ആയിട്ടുള്ളൂ 2000രൂപ ലാഭം ഉണ്ടായി.
അപ്പോൾ ഒന്നര ലക്ഷം രൂപയ്ക്ക് ചിട്ടി വിളിച്ചെടുത്ത ആളിന് ശെരിയ്ക്കും നഷ്ടം അല്ലേ എന്ന് തോന്നും. ശെരിയാണ് എന്നാൽ അയാൾക്ക് നേരത്തെ പൈസ ലഭിക്കുന്നു എന്നുള്ളതും അതിന്റെ പലിശ നോക്കുമ്പോഴും അയാളുടെ അത്യാവശ്യം നടന്നു എന്നുള്ളതുകൊണ്ടും നഷ്ടത്തെ പറ്റി ചിന്തിക്കേണ്ടതായി വരുന്നില്ല. എല്ലാമാസവും കുറഞ്ഞ തുകയിൽ ചിട്ടി വിളിക്കാൻ ആളുണ്ടെങ്കിൽ മാത്രമേ ചിട്ടികൊണ്ട് ലാഭം കിട്ടുന്നോള്ളൂ എന്ന് മനസിലാക്കുക.
മൾട്ടി ലെവൽ ചിട്ടികൾ എന്താണ്.
ഒരു ചിട്ടിയിൽ 400 പേർ വരെ ഉള്ളതും ഒരു മാസത്തിൽ 4 പേർക്ക് വരെ ചിട്ടി തുക ലഭിക്കുന്നവയും 4 പേരിൽ ഒരാൾക്ക് ചിട്ടിയുടെ മുഴുവൻ തുകയും ഒക്കെ ലഭിക്കുന്ന ചിട്ടികളാണ് മൾട്ടി ലെവൽ ചിട്ടികൾ. KSFE ഇത്തരം നിരവധി ചിട്ടികൾ നടത്തുന്നുണ്ട്. കാഴ്ച്ചയിൽ നേട്ടങ്ങൾ കൂടുതൽ ഉണ്ടാവും എന്ന് തോന്നുമെങ്കിലും അംഗസംഖ്യ കൂടുതൽ ആയതിനാലും കാലാവധി കൂടുതൽ ആയതിനാലും രണ്ടോ മൂന്നോ പേർക്ക് മാത്രം ഇതിൽ നേട്ടമുണ്ടാകുന്നതൊഴിച്ചാൽ സാധാരണ ചിട്ടികൾക്ക് തുല്യം തന്നെയാണ്.
സാമ്പത്തിക നേട്ടം ചിട്ടിയിലൂടെ ഉണ്ടാകുമോ.
സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്ന ഒരു നിക്ഷേപകന് ചിട്ടികൾ മികച്ച വരുമാനം നൽകുന്നില്ല എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം കുറഞ്ഞ തുകയിൽ ലേലം വിളിക്കാൻ ആളുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് ലാഭം ലഭിക്കുന്നുള്ളൂ. അത് പോലെ ആദ്യം ചിട്ടി ലഭിക്കുന്നവർ അവസാനം വരെ ചിട്ടി അടയ്ക്കുമെന്ന ഉറപ്പിനായി ബാങ്കിൽ ലോൺ എടുക്കുമ്പോലെ ആധാരമോ സ്വർണ്ണമോ ബാങ്കിൽ ഈടു കൊടുക്കണം അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യത്തിൻ മേൽ മാത്രമാകും പൈസ ലഭിക്കുന്നത് ഇത് ശെരിയ്ക്കും ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതിനു തുല്യം ആണ്. എന്നാൽ സിബിൽ സ്കോർ കുറഞ്ഞ ലോൺ കിട്ടാത്തവർക്ക് ചിട്ടി കൊണ്ട് ഗുണംചെയ്യുന്നുണ്ട്.
ചിട്ടിയിൽ എങ്ങനെ ചേരും?
സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചേരുന്നതാണ് ഏറ്റവും നല്ലത്. KSFE, സഹകരണം സ്ഥാപനങ്ങൾ. തുടങ്ങിയവയിൽ ചേരുന്നതാണ് നല്ലത് ഇത്തരം സ്ഥാപനങ്ങളിൽ ചിട്ടി തുടങ്ങുന്ന സമയങ്ങളിൽ പോയി അദ്യ തുക നൽകി അംഗമാകാം. മറ്റു രേഖകൾ ഒന്നും ആവശ്യമില്ല. വ്യക്തികൾ നടത്തുന്ന ചിട്ടികൾ ഉദാഹരണത്തിന് ബന്ധുക്കളും പരിചയക്കാരും നടത്തുന്ന ചിട്ടികൾ, ആകർഷണം തോന്നുന്ന ചിട്ടികൾ തുടങ്ങിയവിൽ ചേരാതിരിക്കുക കാരണം ഇവ എപ്പോൾ വേണമെങ്കിലും പൊളിയാനും നമ്മുടെ പണം നഷ്ടപ്പെടാനും സാധ്യത വളരെ കൂടുതൽ ആണ്.
ആർക്കൊക്കെ ചിട്ടിയിൽ ചേരാം.
പ്രത്യേകിച്ച് പ്രായ പരിധി ഒന്നും ചേരുന്നതിന് ഇല്ല. ഓരോ മാസവും ചിട്ടി തുക അടയ്ക്കാൻ കഴിയുന്നവർക്ക് ചേരാവുന്നതാണ്. ആർക്ക് വേണമെങ്കിലും അതുകൊണ്ട് ചേരാവുന്നതാണ്.l
ചിട്ടിയിൽ നിക്ഷേപം നടത്തണോ അതോ മറ്റെന്തെങ്കിലും ആണോ നല്ലത്.
ചിട്ടിയിൽ ചേരുന്നത് ഒരു ലോൺ എടുക്കുന്നതിനു തുല്യമാണ് എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ലോൺ എടുത്ത് സമ്പാദ്യം വർധിപ്പിക്കാൻ സാധിക്കില്ല എന്നും നമുക്ക് അറിയാവുന്നതാണ്. എന്നാൽ കടങ്ങൾ തീർക്കാൻ ചിട്ടികൾ നല്ലതാണ്. അതിനപ്പുറം നമ്മുടെ പണത്തിന് വളർച്ച ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ തങ്ങളുടെ ലക്ഷ്യങ്ങൾ അനുസരിച്ചു, PPF , സോവറിൻ ഗോൾഡ്, മ്യൂച്ചൽ ഫണ്ട് , SIP മ്യൂച്ചൽ ഫണ്ട് ,സ്റ്റോക്ക് മാർക്കറ്റ് , റിക്കറിങ് ഡെപ്പോസിറ്റുകൾ, ബാങ്ക് FD തുടങ്ങിയവ തെരെഞ്ഞെടുക്കുന്നത് നന്നായിരിക്കും.