ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

        ക്രിപ്റ്റോ വിപണിയിൽ നിക്ഷേപം നടത്തുന്നവരുടെ നാൾക്കുനാൾ വർധിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഉയർന്ന നേട്ടം സമ്മാനിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് സാധിക്കുമെന്നത് പുതുതലമുറ നിക്ഷേപകരെ ഇതിലേക്ക് ആകർഷിക്കുന്നത് . എന്നാൽ ക്രിപ്റ്റോ വ്യാപാരത്തിൽ അപകടസാധ്യതയും ഏറെയാണ്. നിന്നനിൽപ്പിൽ വിപണി ഒന്നടങ്കം വീഴാം.
Cryptocurrency



            അസാധാരണമായ ചാഞ്ചാട്ടം ക്രിപ്റ്റോ വിപണിയിലെ പതിവ് കാഴ്ച്ചയാണ്. മെയ് മാസം ഒറ്റ രാത്രികൊണ്ടായിരുന്നു ക്രിപ്റ്റോ നാണയങ്ങൾ 70 മുതൽ 80 ശതമാനം വരെ നിലംപതിച്ചത്. അന്നത്തെ വീഴ്ചയുടെ ക്ഷീണത്തിൽ നിന്നും വിപണി ഇപ്പോഴും കരകയറിയിട്ടില്ല.
ഓഹരി വിപണിയിൽ ഓരോ സ്റ്റോക്കും വിശദമായി പഠിക്കാൻ കഴിയും. ഇവയുടെ ടെക്നിക്കൽ ചാർട്ടുകളും ഗഹനമായ വിശകലനങ്ങളും (ഫണ്ടമെന്റൽ അനാലിസിസ്) നിക്ഷേപകർക്ക് ലഭ്യമാണ്.



        എന്നാൽ ക്രിപ്റ്റോ വിപണിയിൽ ഡിജിറ്റൽ കറൻസികളുടെ കഴിഞ്ഞകാല പ്രകടനത്തെ കുറിച്ച് ആഴത്തിൽ പഠിക്കാൻ അവസരം കുറവാണ്. ക്രിപ്റ്റോ ലോകത്തെ പ്രധാന പോരായ്മയും ഇതുതന്നെ. എന്തായാലും ക്രിപ്റ്റോ വിപണിയിലേക്ക് കൂടുതൽ ആളുകൾ ചുവടുവെയ്ക്കുന്ന പശ്ചാത്തലത്തിൽ തുടക്കക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴു നിയമങ്ങൾ ചുവടെ കാണാം.


എത്ര രൂപ നിക്ഷേപിക്കണം



              മൊത്തം പോർട്ട്ഫോളിയോയിൽ 2 ശതമാനം മാത്രമായിരിക്കണം ക്രിപ്റ്റോ വിപണിയിലുള്ള നിക്ഷേപം. ക്രിപ്റ്റോ വ്യാപാരം പരിചിതമായതിന് ശേഷം വിവിധ ഡിജിറ്റൽ കറൻസികളെ കുറിച്ചും അവയുടെ മൂല്യത്തെക്കുറിച്ചും പഠിക്കാം; ബുദ്ധിപൂർവമായ തീരുമാനങ്ങളെടുക്കാം.

വലിയ തുക നിക്ഷേപിക്കരുത്


         കഴിഞ്ഞ ഒരു വർഷം കൊണ്ട് ചില ക്രിപ്റ്റോ കറൻസികൾ സമർപ്പിച്ചിട്ടുള്ള റിട്ടേൺ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 6 മാസം മുൻപ് ഡോജ്കോയിനിൽ (ഡോഗി) 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 5.75 ലക്ഷം രൂപയായി തുക വർധിച്ചേനെ. എന്നാൽ ഈ കണക്കുകൾ കണ്ട് മതിമറക്കരുത്. നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് കരുതുന്ന തുക മാത്രമേ ക്രിപ്റ്റോ വിപണിയിൽ ഇറക്കാൻ പാടുള്ളൂ. ഉയർന്ന റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിലും തുടക്കക്കാരനെന്ന നിലയിൽ ചെറിയ തുക വെച്ച് മാത്രം ക്രിപ്റ്റോ ഇടപാടുകൾ 
നടത്താം.

വിശ്വസനീയമായ പ്ലാറ്റ്ഫോം ഉപയോഗിക്കുക.



             നിലവിൽ ഇന്ത്യയിൽ ക്രിപ്റ്റോ ഇടപാടുകൾക്ക് നിയന്ത്രണങ്ങളില്ല. ഇക്കാരണത്താൽ ഓരോ ദിവസവും നിരവധി ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളാണ് പൊട്ടിമുളയ്ക്കുന്നത്. ക്രിപ്റ്റോ വ്യാപാരം നിരോധിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം സുപ്രീം കോടതി മുൻപ് റദ്ദാക്കിയിരുന്നു. എന്നാൽ ക്രിപ്റ്റോ ലോകത്തെ സംശയദൃഷ്ടിയോടെയാണ് സർക്കാർ വീക്ഷിക്കുന്നത്. ഈ അവസരത്തിൽ വിശ്വസനീയമായ പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ ക്രിസ്റ്റോ വ്യാപാരം നടത്താൻ പാടുള്ളൂ. ഒരു സുപ്രഭാതത്തിൽ കേന്ദ്രം ക്രിപ്റ്റോ ഇടപാടുകൾ വിലക്കുകയാണെങ്കിൽ നിങ്ങളുടെ പണം കുടുങ്ങിക്കിടക്കാതിരിക്കാൻ ഈ മുൻകരുതൽ സഹായിക്കും.


നഷ്ട സാധ്യത കൂടുതൽ


          അസാധാരണമായ ചാഞ്ചാട്ടം പ്രതീക്ഷിക്കണം ക്രിപ്റ്റോ വിപണിയെ കുറിച്ച് പഠിക്കാനുള്ള ഏറ്റവും മികച്ച മാർഗം നിക്ഷേപം നടത്തി കാര്യങ്ങൾ മനസിലാക്കുന്നതാണ്. പക്ഷെ ഇവിടെ അപകടസാധ്യത ഏറെയുണ്ട്. ഏതുനിമിഷവും വിപണി അസാധാരണമായി ചാഞ്ചാടാം. നിക്ഷേപകർ ഇതു മനസിൽ കരുതിയിരിക്കണം. മെയ് മാസം രണ്ടാം വാരം ഒറ്റ രാത്രി കൊണ്ടാണ് ബിറ്റ്കോയിൻ, ഈഥർ, ഡോജ്കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസികൾ 80 ശതമാനം വരെ കൂപ്പുകുത്തിയത്. ഏപ്രിലിൽ 50 ലക്ഷം രൂപ വില തൊട്ട ബിറ്റ്കോയിൻ അന്ന് 48 ശതമാനം ഇടിഞ്ഞു. അതുകൊണ്ട് ക്രിപ്റ്റോ നാണയങ്ങളിൽ പണമിറക്കുന്നവർ വൻവീഴ്ചകൾക്ക് എന്നും തയ്യാറായിരിക്കണം.

ടിപ്പുകൾ കണ്ണുമടച്ച് വിശ്വസിക്കരുത്



             ക്രിപ്റ്റോ വിപണിയിൽ ആധികാരികമായ വിവരങ്ങൾ കുറവാണ്. ഈ സാഹചര്യം നിരവധി ആളുകൾ മുതലെടുക്കുന്നത് കാണാം. വാട്സ്ആപ്പ്, ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ 'ക്രിപ്റ്റോ ട്രേഡിങ് ടിപ്പുകൾ' സജീവമാണ്. സ്വയം പ്രഖ്യാപിത ക്രിപ്റ്റോ വിശാരദന്മാർ നിശ്ചിത നിരക്ക് വാങ്ങി ഏതു ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തണമെന്ന് നിർദ്ദേശിക്കുന്നതാണ് സംഭവം. പലപ്പോഴും തുടക്കക്കാരാണ് ഇവരുടെ വലയിൽ ചെന്ന് ചാടുക. ഇത്തരക്കാർ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. ലഭിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് വിവിധ മാർഗങ്ങൾ വഴി സ്ഥിരീകരിക്കണം. മാർക്കറ്റ് ക്യാപ്പും (വിപണി മൂല്യം) ട്രേഡിങ് വോള്യവും (വിൽക്കപ്പെട്ടുന്ന യൂണിറ്റുകളുടെ എണ്ണം) ഇവിടെ ആധാരമാക്കാം. കുറഞ്ഞ മാർക്കറ്റ് ക്യാപ്പും കുറഞ്ഞ പ്രതിദിന വോള്യവും അപകട സൂചനയാണ് മുന്നോട്ടുവെയ്ക്കുന്നത്. 

ബ്ലുചിപ്പുകളിൽ നോട്ടമുറപ്പിക്കുക


         ഓഹരി വിപണി പോലെ ക്രിസ്റ്റോ വിപണിയിലും ബൂചിപ്പ് നാണയങ്ങളുണ്ട്. നാമമാത്രമായ നിരക്കിൽ ഡിജിറ്റൽ കറൻസികൾ കാണുമ്പോൾ ഒരിക്കലും പ്രലോഭിതരാവരുത്. ഉയർന്ന വിലയുള്ള നാണയങ്ങൾ താരതമ്യേന സുസ്ഥിരമായിരിക്കും. വലിയ വിലയുള്ള ഡിജിറ്റൽ കറൻസികൾ അംശങ്ങളായി വാങ്ങാനും ക്രിസ്റ്റോ വിപണിയിൽ അവസരമുണ്ട്. നിലവിൽ ബിറ്റ്കോയിനും എഥീറിയവുമാണ് ക്രിപ്റ്റോ ലോകത്തെ ബൂചിപ്പ് കറൻസികൾ. വിപണിയുടെ മൊത്തം വികാരത്തെ സ്വാധീനിക്കാൻ ഈ രണ്ടു നാണയങ്ങൾക്കും സാധ്യമാണ്. ഡോജ്കോയിൻ, മാറ്റിക് തുടങ്ങിയ കറൻസികൾക്കും ഇപ്പോൾ പ്രചാരമേറെ.

നികുതി ബാധകം


       ക്രിപ്റ്റോ വ്യാപാരത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്. നിലവിൽ ആദായ നികുതി നിയമത്തിൽ ക്രിപ്റ്റോ കറൻസികളെ പേരെടുത്ത് പരാമർശിക്കുന്നില്ല. എന്നാൽ ഏത് ഉറവിടത്തിൽ നിന്നുള്ള വരുമാനവും (പ്രത്യേകം ഇളവ് നൽകിയിട്ടില്ലാത്തവ) നികുതിക്ക് വിധേയമാണ്. ക്രിസ്റ്റോ നാണയങ്ങളെ റിസർവ് ബാങ്ക് ഇപ്പോഴും കറൻസിയായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ക്യാപിറ്റൽ അസറ്റ് ഗണത്തിൽ ക്രിപ്റ്റോ കറൻസികൾ പെടുമെന്ന് നികുതി രംഗത്തുള്ള വിദഗ്ധർ സൂചിപ്പിക്കുന്നു. അതായത് ക്രിപ്റ്റോ കറൻസികളിൽ നിന്നുള്ള ഹ്രസ്വകാല നേട്ടങ്ങൾ സാധാരണ നിരക്കിൽ വരുമാനത്തിനൊപ്പം ചേർക്കപ്പെടും. ദീർഘകാല നേട്ടങ്ങൾ 20 ശതമാനം വരെ നികുതി ആകർഷിക്കാം.

ആഗോള ചലനങ്ങൾ നിരീക്ഷിക്കുക


 ഇന്ത്യയിലിരുന്നാണ് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നതെങ്കിലും ക്രിപ്റ്റോ വിപണി ലോകം മുഴുവൻ പരന്നുകിടക്കുകയാണ്. ആഗോളതലത്തിലുള്ള ചെറിയ സംഭവവികാസം പോലും ക്രിസ്റ്റോ കറൻസികളിൽ വലിയ ചഞ്ചാട്ടം സൃഷ്ടിക്കും. അതുകൊണ്ട് അമേരിക്ക, സിംഗപ്പൂർ, യൂറോപ്പ് എന്നിവടങ്ങളിലുള്ള പ്രധാനപ്പെട്ട വാർത്തകളും വിവരങ്ങളും നിക്ഷേപകർ അറിഞ്ഞിരിക്കണം. ക്രിപ്റ്റോ ഇടപാടുകൾക്ക് അമേരിക്ക നികുതി പ്രഖ്യാപിച്ചതാണ് മെയ് മാസം വിപണി ഇടിയാനുള്ള മറ്റൊരു കാരണം. 24 മണിക്കൂറും ക്രിപ്റ്റോ വിപണി ഉണർന്നിരിക്കുമെന്നത് നിക്ഷേപകരുടെ ജാഗ്രത കൂടുതൽ ആവശ്യപ്പെടുന്നു.