എന്താണ് ഓഹരികൾ അല്ലെങ്കിൽ സ്റ്റോക്ക്

           സാധാരണയായി കമ്പനികൾക്ക് ഉൽപ്പാദനം കൂട്ടുന്നതിനായി പണത്തിനു ആവശ്യം വരുമ്പോൾ ലോൺ എടുക്കുകയോ അല്ലെങ്കിൽ ബോണ്ടുകൾ പോലുള്ള മറ്റു മാർഗ്ഗങ്ങളിൽ കൂടെയോ പണം ഉണ്ടാക്കാം. പക്ഷേ ഇവ തിരിച്ചടയ്ക്കണം. പിന്നെ പലിശയും കൊടുക്കണം. എന്നാൽ കമ്പനിയിൽ താല്പര്യവും വിശ്വാസവും ഉള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്കു കമ്പനിയുടെ ഒരു ചെറിയ ഓഹരി വിറ്റു പണം ഉണ്ടാക്കാം. ഇങ്ങനെ ബിസിനസ്സ് വളർത്തുന്നതിന് അല്ലെങ്കിൽ പുതിയ പ്രോജക്ടുകൾ നടത്തുന്നതിന് മൂലധനം ഉയർത്താൻ കമ്പനികൾ ഓഹരികൾ വിതരണം ചെയ്യുന്നു.

ഓഹരി ഉടമകൾ

         കമ്പനികൾ വിതരണം ചെയ്യുന്ന ഓഹരികൾ വാങ്ങുന്നവരാണ് ഓഹരി ഉടമകൾ. ഓഹരി ഉടമകൾ കമ്പനിയുടെ ആസ്തികളുടെ ഉടമകൾ അല്ല. കമ്പനിയുടെ സ്വത്തും കടവും കമ്പനിയുടെ ആണ്. ഓഹരി ഉടമയ്ക്ക് പണത്തിനാവശ്യം വന്നാൽ കമ്പനിയുടെ സ്വത്തു വിൽക്കാൻ പറ്റില്ല. സ്വന്തം കൈയിൽ ഉള്ള ഓഹരി മാത്രമേ വിൽക്കാൻ പറ്റൂ. അതു പോലെ കമ്പനിയുടെ കടങ്ങൾ തീർക്കാൻ കോടതി കമ്പനിയുടെ സ്വത്തുക്കൾ വിൽക്കാൻ ഉത്തരവിട്ടാൽ കമ്പനിയുടെ സ്വത്തുക്കൾ മാത്രമേ വിൽക്കാൻ പറ്റൂ. ഓഹരി ഉടമകളുടെ സ്വത്തിൽ കൈവെക്കാൻ പറ്റില്ല.

ഓഹരിയുടമയുടെ അവകാശങ്ങൾ

              ഓഹരി ഉടമകൾക്ക് ഷെയർഹോൾഡർ മീറ്റിങ്ങുകളിൽ വോട്ടുചെയ്യാനും ഡിവിഡന്റുകൾ (കമ്പനിയുടെ ലാഭം) വിതരണം ചെയ്യുമ്പോൾ അവ സ്വീകരിക്കുവാനും, ഓഹരികൾ മറ്റൊരാൾക്ക് വിൽക്കുന്നതിനുമുള്ള അവകാശം ഉണ്ട്.

ഒരു ഉദാഹരണം നോക്കാം 

         എനിക്ക് ഒരു ചെരുപ്പ് ഉണ്ടാക്കുന്ന കമ്പനി ഉണ്ട് എന്ന് വിചാരിക്കു. ഷൂ ഉണ്ടാക്കാനുള്ള ഒരു മെഷീനുകൾ വാങ്ങിയാൽ കൂടുതൽ കച്ചവടം ഉണ്ടാകും. പക്ഷേ വാങ്ങണമെങ്കിൽ 10 ലക്ഷം രൂപ വേണം. ഇതിനായി ഓഹരി വിൽക്കാൻ തീരുമാനിച്ചു. കമ്പനിയുടെ മൊത്തം ആസ്‌തി 50 ലക്ഷം ആണ്. ഇതിൽ കമ്പനിയുടെ സ്ഥലം, മെഷീനുകൾ, ബ്രാൻഡ് നാമം മൂല്യം (Brand Name Value ) എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയ്ക്കു ഒരു ഓഹരി എന്ന നിരക്കിൽ ആണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ലളിതമായ ലോകത്തിൽ അപ്പോൾ 50 ഓഹരിയേ ഉണ്ടാകൂ. പക്ഷേ നമ്മൾ ജീവിയ്ക്കുന്ന ലോകം സങ്കീർണ്ണമാണ്. അതു കൊണ്ടു അടുത്ത പത്തിരുപതു കൊല്ലത്തെ ലാഭവും പിന്നെ ആവശ്യക്കാർ കൂടുതലുണ്ടെങ്കിൽ കുറച്ചു വില കൂട്ടിയും കമ്പനിക്ക് 80 ലക്ഷം വില ഇടും. അപ്പോൾ 80 ഓഹരി ആയി. ഇതിൽ 10 എണ്ണം വിറ്റ് കമ്പനി 10 ലക്ഷം രൂപ സമ്പാദിച്ചു. ബാക്കി 70 എണ്ണം കമ്പനി ഉടമസ്ഥനായ എൻ്റെ പേരിലും രജിസ്റ്റർ ആകും.

        ഇനി ഷൂ ഉണ്ടാക്കുന്നത് വിജയിച്ചു എന്ന് വിചാരിക്കുക. അപ്പോൾ കമ്പനിയുടെ ലാഭം കൂടും. രണ്ടുമൂന്നു കൊല്ലം കഴിയുമ്പോൾ കമ്പനിയുടെ കണക്കാക്കിയ മൂല്യം 80 ലക്ഷത്തിൽ നിന്ന് 160 ലക്ഷം ആയി എന്ന് വിചാരിക്കുക. അപ്പോൾ ഓരോ ഓഹരിക്കും 1 ലക്ഷത്തിനു പകരം 2 ലക്ഷം വില കിട്ടും. ഓഹരി ഉടമയ്ക്ക് തൻ്റെ ഓഹരി, വിപണിയിൽ വിറ്റു ഈ ലാഭം കൈക്കലാക്കാം. അത് പോലെ കമ്പനി ചിലപ്പോൾ ലാഭത്തിൻ്റെ വിഹിതം ഓഹരി ഉടമകൾക്ക് ഡിവിഡന്റ് (dividend ) ആയും കൊടുക്കാം. ഡിവിഡന്റ് കൊടുത്താൽ കമ്പനിയുടെ അക്കൗണ്ടിൽ കാശ് കുറയും അപ്പോൾ ഓഹരി വില കുറയും. ഡിവിഡന്റ് കൊടുത്തില്ലെങ്കിൽ തിരിച്ചും.

    ഇനി ഷൂ ഉണ്ടാക്കുന്നത് പരാജയപ്പെട്ടു എന്ന് വിചാരിക്കുക. കമ്പനിയുടെ കണക്കാക്കിയ മൂല്യം 80 ലക്ഷത്തിൽ നിന്ന് 10% കുറഞ്ഞ് 72 ലക്ഷം ആയി എന്ന് വിചാരിക്കുക. അപ്പോൾ ഓരോ ഓഹരിക്കും 1 ലക്ഷത്തിനു പകരം 10% കുറഞ്ഞ് 90,000 ആയി വില കുറയും. പക്ഷേ കമ്പനിക്ക് വേറേ ബാധ്യത ഒന്നും ഇല്ല. ലോൺ എടുത്തിരുന്നു എങ്കിൽ ലാഭം ആയാലും നഷ്ടം ആയാലും തിരിച്ചടക്കണം. ഓഹരി ആക്കുമ്പോൾ കമ്പനിയുടെ ഓഹരി വില കുറയും . മുതലാളിയുടെ ആസ്തി കുറയും.

വ്യത്യസ്‌ത തരം ഓഹരികൾ

 കോമൺ സ്റ്റോക്ക് (Common Stock ):     

           സാധാരണ ഓഹരി വിപണിയിൽ കിട്ടുന്ന ഓഹരി എല്ലാം കോമൺ സ്റ്റോക്ക് ആണ്. മുകളിൽ വിവരിച്ച കാര്യങ്ങൾ എല്ലാം ഈ വിഭാഗത്തിൻ്റെ ആണ്.

പ്രീഫെറഡ് സ്റ്റോക്ക്(Preferred Stock ):

            ഇവ കമ്പനി പ്രത്യേകമായി വിതരണം ചെയ്യുന്നതാണ്. മിക്കവാറും ഇവക്കു ഡിവിഡന്റ് ശതമാനം നിശ്ചിത നിരക്ക്‌ കൊടുക്കും എന്ന കരാർ ഉണ്ടാകും. നിങ്ങൾ അതി സമ്പന്നൻ അല്ലെങ്കില്‍ ഇവ വാങ്ങാൻ ഉള്ള അവസരം കിട്ടുവാൻ ബുദ്ധിമുട്ടാണ്.

ഓഹരി വിപണി അഥവാ സ്റ്റോക്ക് എക്സ്ചേഞ്ച് (Stock Exchange )

     ഓഹരികൾ വാങ്ങാനും വിൽക്കാനും സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങൾ ആണ് ഓഹരി വിപണി അഥവാ സ്റ്റോക്ക് എക്സ്ചേഞ്ച്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (Bombay Stock Exchange or BSE), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (National Stock Exchange or NSE) എന്നിവയാണ് ഏറ്റവും വലിയവ .

ഓഹരി വിപണി സൂചികകൾ (Stock Market Index)

          ഒരു കൂട്ടം കമ്പനികളുടെ ഓഹരികളുടെ വിലയെ ആണ് ഓഹരി വിപണി സൂചികകൾ പ്രതിനിധാനം ചെയ്യുക. ഇത് വിലയുടെ ആകെത്തുകയല്ല. ചില കണക്കുകൂട്ടലുകൾ ഉണ്ട്. പക്ഷേ സൂചിക മുകളിലേക്ക് പോകുമ്പോൾ ഓഹരി വിലകൾ കൂടുന്നു. അതുപോലെ താഴോട്ടു വരുമ്പോൾ വില കുറയുന്നു

സെൻസെക്സ് (Sensitve Index or BSE SENSEX)

     ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തിട്ടുള്ള 30 നന്നായി സ്ഥാപിക്കപ്പെട്ട കമ്പനികളുടെ വിലയെ പ്രതിനിധാനം ചെയ്യുന്ന പട്ടിക. ഇത് കമ്പനികളുടെ മൂല്യം അനുസരിച്ച് മാറുന്നതാണ്.

നിഫ്റ്റി (National Stock Exchange Fifty or NIFTY)

         നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തിട്ടുള്ള 50 നന്നായി സ്ഥാപിക്കപ്പെട്ട കമ്പനികളുടെ വിലയെ പ്രതിനിധാനം ചെയ്യുന്നു.ഇതും മൂല്യമാനുസരിച്ചു മാറാറുണ്ട് 

         സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞു എന്ന് വാർത്ത വരുമ്പോൾ ഓഹരികളുടെ വില കുറഞ്ഞു എന്ന് മനസ്സിലാക്കാം.

ബുൾ & ബിയർ

            സൂചിക മുകളിലേക്ക് കുതിക്കുമ്പോൾ അതിനെ ബുൾ മാർക്കറ്റ് (Bull Market) എന്നും താഴേക്ക് വീഴുമ്പോൾ അതിനെ ബെയർ മാർക്കറ്റ് (Bear Market) എന്നും വിളിക്കുന്നു.

ഓഹരി സ്പ്ലിറ്റ് (Split), ബോണസ്(Bonus)

         ഓഹരികൾക്ക് വില കൂടുമ്പോൾ വാങ്ങാൻ ആളുകൾ കുറയും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ കമ്പനി ഓഹരി സ്പ്ലിറ്റ് ചെയ്യും. എന്ന് വച്ചാൽ 1 ഓഹരി പലതായി പിളർത്തും. 10 രൂപയുടെ ഓഹരി 1 :10 ആയി പിളർത്തിയാൽ ഉടമയ്ക്ക് 1 രൂപയുടെ 10 ഓഹരി കിട്ടും.

ബോണസ് ഇഷ്യു

          ചിലപ്പോൾ കമ്പനി ഡിവിഡന്റ് കൊടുക്കുന്നതിനു പകരം ബോണസ് (bonus ) ആയി ഓഹരി കൊടുക്കും, ഇതിനെ ബോണസ് ഇഷ്യൂ (bonus issue ) എന്ന് പറയും. 1 :1 ബോണസ് ആണെങ്കിൽ 1 ഓഹരി ഉള്ളവർക്ക് 1 ഓഹരി കൂടി കിട്ടും.