ദിവസവും പുതിയ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ ഫോണുകൾ എന്ത് ചെയ്യുമെന്നൊരു ചോദ്യം എപ്പോഴും ബാക്കിയാണ്. മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയാനും വീട്ടിലെ മൂലയ്ക്ക് കൂട്ടിയിടാനും സാധിക്കില്ല. അത് പോലെ തന്നെ പഴയ ഫോണുകൾ എക്സ്ചേഞ്ചിന് കൊടുക്കുന്നതും വിൽക്കുന്നതും അത്ര സുരക്ഷിതമല്ലെന്നും നമുക്കറിയാം . നിലവിൽ പഴയ ഫോണുകൾ റീയൂസ് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമായ കാര്യം. പഴയ ഫോണുകൾ ഉപയോഗപ്രദമാക്കാനുള്ള ഏതാനും മാർഗങ്ങൾ നോക്കാം.
സിസിടിവി / സെക്യൂരിറ്റി ക്യാം / വെബ് ക്യാം
അതേ നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ ഒരു സെക്യൂരിറ്റി ക്യാമറ, വെബ്ക്യാം ബേബി മോണിറ്റർ എന്നിങ്ങനെയെല്ലാം യൂസ് ചെയ്യാൻ കഴിയും. ആൽഫ്രഡ് ഹോം സെക്യൂരിറ്റി ക്യാമറ, വൈസ് (Wyze), അറ്റ്ഹോം ക്യാമറ, ഡ്രോയിഡ് ക്യാം, ഐപി വെബ്ക്യാം തുടങ്ങിയ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പഴയ സ്മാർട്ട്ഫോണുകൾ സിസി ടിവി, ബേബി മോണിറ്റർ, വെബ്ക്യാം എന്നിവയായി യൂസ് ചെയ്യാം. മോഷൻ ഡിറ്റക്ടർ സംവിധാനവും സെറ്റ് ചെയ്യാൻ കഴിയും.
ഡെഡിക്കേറ്റഡ് മ്യൂസിക് പ്ലേയർ
പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിലൊരു ഡെഡിക്കേറ്റഡ് മ്യൂസിക് പ്ലേയർ സെറ്റ് ചെയ്യാൻ പഴയ ഡിവൈസുകൾ ഉപയോഗിക്കാം. ഫോണിൽ ഇഷ്ടമുള്ള പാട്ടുകൾ സ്റ്റോർ ചെയ്ത് നല്ലൊരു സ്പീക്കർ സെറ്റിൽ കണക്റ്റ് ചെയ്താൽ മതിയാകും. സ്പോട്ടിഫൈ, പാൻഡോറ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് പാട്ടുകൾ സ്ട്രീം ചെയ്യാനും കഴിയും.
റിമോട്ട് കൺട്രോൾ
അതേ, നിങ്ങളുടെ പഴയ സ്മാർട്ട്ഫോണുകൾ റിമോട്ട് കൺട്രോൾ ആയും ഉപയോഗിക്കാം. യുണിഫൈഡ് റിമോട്ട്, യൂണിവേഴ്സൽ ടിവി റിമോട്ട്, ഗാലക്സി യുണിവേഴ്സൽ റിമോട്ട് എന്നീ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് മാത്രം. ആപ്പുകൾ നിങ്ങളുടെ ഡിവൈസിലെ ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കും. ടിവി, മീഡിയ പ്ലേയർ എന്നിങ്ങനെയുള്ള ഡിവൈസുകൾ കൺട്രോൾ ചെയ്യാൻ കഴിയും.
ജിപിഎസ് ട്രാക്കർ
ഡിവൈസിലെ ജിപിഎസ് ഫീച്ചർ ഉപയോഗപ്പെടുത്തി പഴയ ഫോണിനെ ഒരു ജിപിഎസ് ട്രാക്കർ ആയി ഉപയോഗിക്കാം. ലൈഫ്360, മൈഫാമിലി ജിപിഎസ് ട്രാക്കർ, ഗ്ലിംപോസ് തുടങ്ങിയ ട്രാക്കിങ് ആപ്പുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. വീട്ടിലെ മറ്റ് അംഗങ്ങൾ, കുട്ടികൾ, വളർത്തുമൃഗങ്ങൾ എന്നിങ്ങനെ എല്ലാവരെയും ട്രാക്ക് ചെയ്യാൻ സാധിക്കും. കാറിലും ബൈക്കിലുമൊക്കെ മാപ്പ് നോക്കാൻ പെർമനന്റ് നാവിഗേറ്റർ ആയും പഴയ ഫോൺ ഉപയോഗിക്കാം.
ഡാഷ് ക്യാം
പഴയ ഫോണുകൾ കാറിലെ ഡാഷ് ക്യാം ആയും ഉപയോഗപ്പെടുത്താൻ കഴിയും. ഡെയിലിറോഡ്സ് വോയേജർ, ഓട്ടോഗാർഡ് ബ്ലാക്ക് ബോക്സ്, ഡ്രോയിഡ് ഡാഷ്ക്യാം എന്നിങ്ങനെയുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ മതിയാകും. ഡ്രൈവിങിനിടെ വീഡിയോ ഫൂട്ടേജസ് ക്യാപ്ചർ ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ബേബി മോണിറ്റർ 3ജി, ഡോർമി പോലെയുള്ള ആപ്പുകൾ വഴി കാറിനുള്ളിൽ ബേബി മോണിറ്റർ സെറ്റ് ചെയ്യാനും സാധിക്കും.
മീഡിയ സെർവർ
കമ്പ്യൂട്ടറിലും ടിവിയിലും നിറയെ സിനിമകളും സീരീസുകളും ഒക്കെ സേവ് ചെയ്ത് വച്ചിട്ടുള്ളവർക്ക് പഴയ ഫോണുകൾ മീഡിയ സെർവർ എന്ന നിലയിൽ ഉപയോഗിക്കാം. പ്ലെക്സ് (PLEX) കോടി (KODI) എന്നിവ പോലെയുള്ള ആപ്പുകൾ ഡൌൺലോഡ് ചെയ്യുക. ആപ്പുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നിന്നും ടിവിയിലേക്ക് വീഡിയോകൾ സ്ട്രീം ചെയ്യാൻ കഴിയും. എംബി (EMBY), പ്ലേഓൺ (PLAYON) എന്നീ ആപ്പുകൾ ഉപയോഗിത്ത് ഇന്റർനെറ്റിൽ നിന്നും വീഡിയോകൾ സ്ട്രീം ചെയ്യാൻ കഴിയും.
ഗൂഗിൾ ഹോം / നൈറ്റ് സ്റ്റാൻഡ്
ഗൂഗിൾ ഹോം സെറ്റപ്പായും നൈറ്റ് സ്റ്റാൻഡ് ആയും പഴയ ഫോണുകൾ ഉപയോഗിക്കാം. ഡിവൈസ് എവിടെയെങ്കിലും ഫിക്സ് ചെയ്ത് ഓകെ ഗൂഗിൾ ഡിറ്റക്ഷൻ സെറ്റപ്പ് ചെയ്താൽ മതിയാകും. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ, അലാം സെറ്റ് ചെയ്യാനും സ്മാർട്ട്ഹോം ഗാഡ്ജറ്റ്സ് നിയന്ത്രിക്കാനും കഴിയും. നെറ്റ് സ്റ്റാൻഡ് ആയി സെറ്റ് ചെയ്ത് അനുയോജ്യമായ ആപ്പുകളും ഇൻസ്റ്റാൾ ചെയ്താൽ അലാം ക്ലോക്ക്, ക്ലോക്ക് റേഡിയോ, ഇ റീഡർ, ലൈവ് ഫോട്ടോ ഫ്രെയിം അങ്ങനെ പല രീതിയിലും പഴയ ഫോണുകൾ ഉപയോഗപ്പെടുത്താം.
ബാക്കപ്പ് സ്റ്റോറേജ്
വലിയ സ്റ്റോറേജ് സ്പേസും അല്ലെങ്കിൽ മൈക്രോഎസ്ഡി കാർഡ് സപ്പോർട്ടുമുണ്ടെങ്കിൽ പഴയ ഫോണുകൾ ബാക്കപ്പ് സ്റ്റോറേജുകളായി ഉപയോഗിക്കാം. ഇഎസ് ഫയൽ എക്സ്പ്ലോറർ പോലെയുള്ള ഫയൽ മാനേജർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് പഴയ ഡിവൈസിൽ ഫയലുകൾ സ്റ്റോർ ചെയ്യാം. ഫോട്ടോസ്, വീഡിയോസ്, ഫയൽസ് എന്നിവയെല്ലാം സ്റ്റോർ ചെയ്ത് സൂക്ഷിക്കാൻ സാധിക്കും.
വൈഫൈ ഹോട്ട്സ്പോട്ട്
പഴയ സ്മാർട്ട്ഫോണുകൾ വൈഫൈ ഹോട്ട്സ്പോട്ടുകളായും ഉപയോഗിക്കാം. ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കോ ഡോംഗിളുകൾക്കോ വേണ്ടി പണം ചിലവഴിക്കേണ്ടി വരുന്നില്ലെന്നതാണ് ഒന്നാമത്തെ മേന്മ. ഡിവൈസ് സെറ്റിങ്സിൽ നിന്നും മൊബൈൽ ഹോട്ട്സ്പോട്ട്, യുഎസ്ബി ടെതറിങ് ഓപ്ഷനുകൾ ഓൺ ചെയ്തിട്ടാൽ മതിയാകും. അത്യാവശ്യം നല്ലൊരു ഡാറ്റ പായ്ക്കും കൂടി ചെയ്താൽ കൂടുതൽ നല്ലത്.
നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ ഇനിയും പല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയും. ഗെയിമിങ് ഫോൺ എന്ന നിലയിൽ ഉപയോഗിക്കാം, കുട്ടികളുടെ ഉപയോഗത്തിന് നൽകാം, ബാക്കപ്പ് ഫോൺ എന്ന നിലയിൽ അത്യാവശ്യ സമയത്ത് ഉപയോഗപ്പെടുത്താം. എന്നാൽ ഡിവൈസിന്റെ കാലപ്പഴക്കം, ശേഷി എന്നിവയൊക്കെ നിർണായകമാണ്. അപകടാവസ്ഥയിലുള്ള സ്മാർട്ട്ഫോണുകൾ ഒന്നും തന്നെ ഇത്തരത്തിൽ യൂസ് ചെയ്യരുതെന്ന കാര്യം ആദ്യം തന്നെ മനസിലാക്കുക.