ചിട്ടികളിലെ രാജാവ്. KSFE കോമ്പിനേഷൻ ചിട്ടികളിലൂടെ 15 ലക്ഷം രൂപനേടാം

KSFE ചിട്ടി കെട്ടി ലാഭം ഉണ്ടാക്കാൻ അറിയാമോ


25 മാസം മുതൽ 120 മാസം വരെയുള്ള ചിട്ടികൾ ഇന്ന് KSFE നൽകുന്നുണ്ട്. പല തുകയുടെ, വ്യത്യസ്ത സംഖ്യ മാസ അടവുള്ള ചിട്ടികൾ KSFE യിൽ നിന്ന് ലഭിക്കും. ഇതിൽ ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾ അറിഞ്ഞ് അതിന് അനുസരിച്ചുള്ള ചിട്ടികളാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ആവശ്യത്തിനുള്ള തുക ലഭിക്കുന്ന ഒരു ചിട്ടി ലഭ്യമല്ലാത്തതിന്റെ പേരിൽ ഉയർന്ന തുകയുടെ ചിട്ടിയിൽ ചേരുന്നതാണ് പൊതുവിലുള്ള രീതി.

ഇതിന് ബദലായി കോമ്പിനേഷൻ ചിട്ടികൾ തിരഞ്ഞെടുക്കാവുന്നതാണ്. വ്യത്യസ്ത ചിട്ടി തുകകളുള്ള 2 ചിട്ടികളിൽ ഒന്നിച്ച് ചേരാവുന്നതാണ്. ആവശ്യമായ തുക നേടുന്നതിനൊപ്പം അധിക തുക മാസത്തിൽ അടവ് വരുത്താതെ ചിട്ടി അടച്ചു മുന്നോട്ട് പോകാനും ഇതുവഴി സാധിക്കും. കോമ്പിനേഷൻ ചിട്ടിയുടെ രീതിയിൽ ചേരാൻ സാധിക്കുന്നൊരു മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയുമാണ് ചുവടെ വിശദമാക്കുന്നത്.

കോമ്പിനേഷൻ ചിട്ടി

മള്‍ട്ടി ഡിവിഷന്‍ ചിട്ടിയും സാധാരണ ചിട്ടിയും ചേരുന്നൊരു കോമ്പിനേഷനാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി 10,000 രൂപ മാസ അടവുള്ള 100 മാസം അടവുള്ള 10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യം ചേരാം. അടുത്തത് 10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ സാധാരണ ചിട്ടിയാണ്.

ഈ രണ്ട് ചിട്ടിയിൽ ചേരുന്നൊരാൾക്ക് 15 ലക്ഷത്തിന്റെ നേട്ടമുണ്ടാക്കാം. മൾട്ടി ഡിവിഷൻ ചിട്ടിയിൽ പരമാവധി ലേലത്തിൽ പോകുമ്പോൾ 7750 രൂപയും സാധാരണ ചിട്ടിയിൽ 7500 രൂപയുമാണ് മാസ അടവ് വരുന്നത്. 16000 രൂപ മാസത്തിൽ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് ഈ ചിട്ടിയിൽ ചേരാം.

ആദായം

10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ഒരു നറുക്കും 3 ലേലവുമായാണ് ചിട്ടി നടക്കുന്നത്. ചിട്ടി നറുക്ക് ലഭിക്കുന്നൊരാൾക്ക് മുഴുവൻ തുകയും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ നേട്ടം ലഭിക്കുന്നൊരാൾക്ക് ഫോർമാൻ കമ്മീഷനും ജിഎസ്ടിയും കിഴിച്ച് 943275 രൂപ ലഭിക്കും. സാധാരണ ചിട്ടി ലേലം വിളിച്ചെടുക്കേണ്ടതിനാൾ ലാഭകരമായൊരു സ്ഥിതിയിൽ വിളിച്ചെടുക്കുന്നതാകും ഉചിതം.

50 മാസ കാലാവധിയുള്ള ചിട്ടിയായതിനാൽ 4.25 ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്താലും ലാഭകരമാണ്. ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ മാസത്തിൽ 8500 രൂപയിലധികം പലിശ വരുമാനം ലഭിക്കും. കാലാവധിയിൽ 15 ലക്ഷത്തിലധികം രൂപ ഇതുവഴി നേടാം.

ബിസിനസ് ആവശ്യങ്ങൾക്ക്

ചിട്ടി ചേരുന്നവരിൽ ബിസിനസ് ആവശ്യം മുൻ നിർത്തി ചിട്ടി ചേരുന്നവർക്ക് വലിയ കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 20,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയും 50,000 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള സാധാരണ ചിട്ടിയും ചേർത്ത് 30 ലക്ഷത്തി്ന്റെ കോമ്പിനേഷൻ ചിട്ടിയാക്കാം.

പരമാവധി മാസത്തിൽ 70,000 രൂപയാണ് അടക്കേണ്ടി വരുന്നത്. ഇതോടൊപ്പം സ്മാർട്ട് ഭദ്രത ചിട്ടിയുടെ ഭാ​ഗമായി ചിട്ടിയുടെ 5 ശതമാനം അടവ് പൂർത്തിയാക്കുന്നവർക്ക് ജാമ്യം ഹാജരാക്കിയാൽ 50 ശതമാനം വായ്പയും ലഭിക്കും.

ജാമ്യം നിർബന്ധം

കോമ്പിനേഷൻ ചിട്ടികളിൽ ചേരുന്നവർ ജാമ്യ വ്യവസ്ഥകളെ പറ്റി കൃത്യമായി അറിഞ്ഞിരിക്കണം. വലിയ തുകയുടെ ചിട്ടികളായതിനാൽ ചിട്ടി പണം ലഭിക്കാൻ വസ്തു ജാമ്യം ആവശ്യമായി വന്നേക്കാം. ചിട്ടി ചേരുന്നതിന് മുൻപ് ജാമ്യം എന്താണ് എന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. വസ്തു ജാമ്യമാണെങ്കിൽ രേഖകൾ ശാഖാ മാനേജരെ കാണിച്ച് വെരിഫൈ ചെയ്യണം. എന്നാൽ മാത്രമെ ആവശ്യമായ സമയത്ത് ബുദ്ധിമുട്ടില്ലാതെ ചിട്ടി പിടിക്കാൻ സാധിക്കുകയുള്ളൂ.