SBI മൊബൈൽ ഫണ്ട് ട്രാൻസ്ഫർ SMSന് ഇനി ചാർജില്ല

Sbi യുടെ പുതിയ അറിയിപ്പ് ഇന്റർനെറ്റ്‌ ഇല്ലാത്തവർക്ക് ഏറെ പ്രയോജനകരം

 

      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മൊബൈൽ ഫണ്ട് ട്രാൻസ്ഫറുകളുടെ SMS ചാർജുകൾ ഒഴിവാക്കി. USSD സേവനങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇനി മുതൽ അധിക ചാർജില്ലാതെ സൗകര്യപ്രദമായി ഇടപാട് നടത്താമെന്ന് SBI അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്കിടയിൽ മൊബൈൽ ബാങ്കിങ് വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാങ്കിന്റെ നീക്കം. പണം അയയ്‌ക്കുക, പണം അഭ്യർത്ഥിക്കുക, അക്കൗണ്ട് ബാലൻസ് അറിയുക, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുക, UPI പിൻ മാറ്റുക എന്നിവയുൾപ്പെടെയുള്ള വിവിധ ബാങ്കിങ് സേവനങ്ങൾ ഇനിമുതൽ സൗജന്യമാണെന്ന് SBU പറഞ്ഞു.

എന്താണ് USSD ?

USSD അല്ലെങ്കിൽ അൺസ്ട്രക്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ എന്നത് SMS സൗകര്യമുള്ള എല്ലാ മൊബൈൽ ഫോണുകളിലും ലഭ്യമാകുന്ന ഒരു സാങ്കേതികവിദ്യയാണ്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് USSD വളരെ പ്രയോജനകരമാണ്. പണം കൈമാറ്റം ചെയ്യുക, അക്കൗണ്ട് ബാലൻസ് പരിശോധിക്കുക, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സൃഷ്ടിക്കുക പോലുള്ള പല കാര്യങ്ങളും USSD വഴി സാധ്യമാകും. മൊബൈൽ ബാങ്കിങ് ഇടപാടുകൾക്കു പുറമെ ടോക്ക് ടൈം ബാലൻസ് അല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഈ സേവനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെ ബാങ്കിങ് സേവനങ്ങൾ സ്വീകരിക്കാൻ കഴിയും. ഈ സേവനം ലഭ്യമാകാൻ, SBI ഉപഭോക്താക്കൾ *99# ഡയൽ ചെയ്താൽ മതിയാകും. സേവനം സൗജന്യമാണ്. സേവനം പ്രയോജനപ്പെടുത്തുന്നതിന്, ഉപഭോക്താക്കൾ അവരുടെ മൊബൈൽ നമ്പർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. മാത്രമല്ല, ഉപയോക്താക്കൾക്ക് ഒരു എടിഎം/ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കുകയും വേണം.