വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സാധാരക്കാരുടെ നട്ടെല്ലൊടിക്കുന്ന കാര്യങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിറുത്തുവാൻ എന്നാ വ്യാജേന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം റിസർവ് ബാങ്ക് മറ്റുബാങ്കുകളുടെ റിപ്പോ നിരക്ക് ഉയർത്തിയതിന്റെ ഫലമായി വാണിജ്യ ബാങ്കുകളും പലിശ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്.
മൂന്ന് മാസം വരെയുള്ള വായ്പയുടെ എംസിഎൽആർ നിരക്ക് 7.35 ശതമാനത്തിൽ നിന്ന് 7.60 ശതമാനമായി എസ്ബിഐ ഉയർത്തി. ആറ് മാസത്തെ വായ്പ നിരക്ക് 7.65 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായും ഉയർത്തി. ഒരു വർഷം വരെ കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.7 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായും രണ്ട് വർഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായും ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷം വരെ കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. എസ്ബിഐയും നിക്ഷേപ പലിശ വർദ്ധിപ്പിച്ചിരുന്നു. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് 3 ശതമാനം മുതൽ 5.85 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.65% ശതമാനം വരെയും പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.