ഡീമാറ്റ് അക്കൗണ്ടും സേവിങ് അക്കൗണ്ടുമൊക്കെ ഇന്ന് വിരൽ തുമ്പിലാണ്. ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് അക്കൗണ്ടുകളെടുക്കാൻ സാധിക്കുമെന്നതിനാൽ ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകൾ ഇന്ന് സർവ സാധാരണമാണ്. തുടക്കത്തിൽ എടുത്ത അക്കൗണ്ടിലെ ബ്രോക്കറേജ് കൂടുതാലയിതിന്റെ പേരിൽ മറ്റൊരു അക്കൗണ്ടെടുത്തവരുണ്ടാകാം.
ദീർഘകാല നിക്ഷേപത്തിന് ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗിന് മറ്റൊരു അക്കൗണ്ടും കരുതുന്നവരെ കാണാം. ഇതുപോലെ തന്നെയാണ് സേവിങ് അക്കൗണ്ടുകളുടെ കാര്യത്തിലും. സേവിങ് അക്കൗണ്ടിൽ മിനിമം ബാലൻസ് പ്രശ്നമുള്ളതിനാൽ ഒന്നിലധികം അക്കൗണ്ടെടുത്തവരുണ്ടാകും. സാലറി അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങിയ ശേഷം ആദ്യം ഉപയോഗിച്ച സേവിങ് അക്കൗണ്ട് ഒഴിവാക്കിയവരും കാണാം.
ഒരു അക്കൗണ്ട് കയ്യിലെത്തിയാൽ പഴയതിനെ മറക്കുന്നതാണ് പൊതുവെയുള്ള സ്വഭാവം. ഇതിനാൽ ഒന്നിലധികം അക്കൗണ്ടുകളുണ്ടാകുന്നത് കൊണ്ട് എന്തെങ്കിലും പ്രയാസം അക്കൗണ്ടുടമകൾക്ക് വരുന്നുണ്ടോ?.
ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ ഇവ കൃത്യമയി ഉപയോഗിക്കുന്നുവെങ്കിൽ പ്രയാസങ്ങളില്ല. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൂക്ഷിക്കുന്നവർ ഇവ കൃത്യമായി ഉപയോഗിക്കുന്നില്ലെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സേവിങ് അക്കൗണ്ട്
സേവിങ് അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ നിഷ്ക്രിയമാകും. രണ്ട് വര്‍ഷത്തിനിടെ ഉപയോഗത്തിലില്ലാത്ത സേവിങ് അക്കൗണ്ടുകളെ ബാങ്കുകൾ നിഷ്ക്രിയ അക്കൗണ്ടായി കണക്കാക്കുന്നത്. അക്കൗണ്ട് വഴി ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകൾ നടക്കാത്ത സാഹചര്യത്തിലാണ് അക്കൗണ്ടുകളെ ഈ ഗണത്തിലേക്ക് മാറ്റുന്നത്. ഇത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ദീര്‍ഘകാലമായി ഉപയോഗത്തില്‍ ഇല്ലാത്ത അക്കൗണ്ടുകളെ പറ്റി വര്‍ഷത്തില്‍ പരിശോധന നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്.
ഡീമാറ്റ് അക്കൗണ്ട്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങനും വില്‍ക്കാനും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികള്‍ ഇലക്ട്രിക് രൂപത്തില്‍ സൂക്ഷിച്ചു വെയക്കാനാണ് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിനായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്, മറ്റ് ചാര്‍ജുകള്‍ എന്നിവ ഈടാക്കുന്നുണ്ട്. ഡീമാറ്റ് അക്കൗണ്ട് ഉടമ ഒരു വര്‍ഷകാലം അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ഇവ പ്രവര്‍ത്തന രഹിതമായി കണക്കാക്കും.
നിഷ്ക്രിയ അക്കൗണ്ട്
ഡീമാറ്റ് അക്കൗണ്ട് പ്രവര്‍ത്തന രഹിതമായാൽ പുതിയ ഇടപാട് നടത്താൻ സാധിക്കില്ല. എന്നാൽ അക്കൗണ്ടില്‍ സൂക്ഷിച്ച ഓഹരികള്‍ക്ക് യാതൊരു ബുദ്ധിമുട്ടിം സംഭവിക്കില്ല. ഡീമാറ്റ് അക്കൗണ്ട് അവസാനം ഉപയോഗിച്ച തീയതിക്ക് 335 ദിവസത്തിന് ശേഷം ഇ-മെയില്‍ വഴി ബ്രോക്കറേജ് സ്ഥാപനം വിവരമറിയിക്കും. ഇ-മെയില്‍ അറിയിപ്പിന് ശേഷവും അക്കൗണ്ടില്‍ ഇടപാട് നടത്തിയില്ലെങ്കില്‍ 366-ാം ദിവസത്തിന് ശേഷം അക്കൗണ്ട് പ്രര്‍ത്തന രഹിതമായതായി കണക്കാക്കും.
എങ്ങനെ തിരിച്ചെടുക്കാം
ഡീമാറ്റ് അക്കൗണ്ടുകളെ പ്രവർത്തന രഹിത അക്കൗണ്ടുകളായി കണക്കാക്കി 12 മാസത്തിന് ശേഷം എളുപ്പത്തിൽ അക്കൗണ്ട് തിരിച്ചെടുക്കാം. അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ബ്രോക്കറേജ് സ്ഥാപനം അക്കൗണ്ട് തിരികെ നൽകും. നിഷ്‌ക്രിയ അക്കൗണ്ടാക്ക് 24 മാസമോ അതിൽ കൂടുതലോ പ്രവർത്തന രഹിതമായി തുടരുകയാണെങ്കിൽ തിരിച്ചെടുക്കാൻ ബ്രോക്കറേജ് സ്ഥാപനം പറയുന്ന നടപടികള്‍ പിന്തുടരണം.
ഈ സാഹചര്യത്തിൽ റീ കെവൈസി പരിശോധന ആവശ്യമായി വന്നേക്കാം. കെവൈസി വിവരങ്ങൾ വീണ്ടും പരിശോധിച്ചതിന് ശേഷം മാത്രമെ അക്കൗണ്ട് തിരികെ ലഭിക്കുകയുള്ളൂ. വര്‍ഷത്തില്‍ ഒരു ഇടപാട് നടത്തുക എന്നതാണ് ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയമാകാതിരിക്കാനുള്ള പോംവഴി.
സേവിംഗ്സ് അക്കൗണ്ടുകളാണെങ്കിൽ അക്കൗണ്ടിൽ ബാലൻസില്ലെങ്കിൽ പലരും അക്കൗണ്ട് തിരിച്ചെടുക്കാൻ പണിയെടുക്കാറില്ലെന്നതാണ് സത്യം. സേവിങ് അക്കൗണ്ട് തിരിച്ചെടുക്കാൻ ബാങ്ക് അക്കൗണ്ടുള്ള ശാഖയിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. കെവൈസി വിവരങ്ങളുടെ പരിശോധനയും ഒപ്പ് ശരിയാണോ എന്ന് പരിശോധിക്കകയും ചെയ്യും. ഇതിന് ശേഷം മാത്രമെ അക്കൗണ്ട് അനുവദിക്കുകയുള്ളൂ.