കൺവീനിയൻസ് ഫീസിന്റെ വിശദാംശങ്ങൾ ടിപ്സ്റ്റർ മുകുൾ ശർമ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്
ഗൂഗിൾ പേ മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ചാർജ് ഈടാക്കി തുടങ്ങി. വർഷങ്ങളോളം അധികം ചെലവില്ലാതെ ഉപഭോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും, ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിനുശേഷം ആണ് ഈ മാറ്റം ഗൂഗിൾ പേ കൊണ്ടുവരുന്നത്. കഴിഞ്ഞദിവസമാണ് ഒരു ഉപഭോക്താവ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഉപഭോക്താവ് ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചതിൽ നിന്ന് മനസ്സിലായത് മൂന്നു രൂപ കൺവീനിയൻസ് ഫീസ് ആയി ഈടാക്കിയിട്ടുണ്ട്. ജിയോയുടെ 749 പ്രീപെയ്ഡ് റീചാർജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയിരിക്കുന്നത്.
ജിഎസ്ടി ഉൾപ്പെടെയുള്ളതാണ് ഈ കൺവീനിയൻസ് ബിൽ എന്ന് സ്ക്രീൻഷോട്ടിൽ വ്യക്തമാണ്. ടിപ്സ്റ്റർ മുകുൾ ശർമ്മ കൺവീനിയൻസ് ഫീസിന്റെ കൂടുതൽ വിശദാംശങ്ങൾ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയിൽ താഴെയുള്ള മൊബൈൽ റീചാർജ് പ്ലാനുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. 200 മുതൽ 300 വരെയുള്ള റീചാർജിന് 2 രൂപ ഈടാക്കും. അതിൽ കൂടുതലാണെങ്കിൽ മൂന്ന് രൂപ ഈടാക്കും എന്നാണ് മുകുൾ ശർമ്മ പറഞ്ഞത്.
മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഈ മാസം ആദ്യം ഗൂഗിൾ പേ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തതായി അറിയിക്കുന്നു. സ്വന്തം വിവേചന അധികാരത്തിൽ കമ്പനി ഫീസ് നിശ്ചയിച്ചേക്കാം എന്നും പുതുക്കിയ നിബന്ധനകൾ പറയുന്നുണ്ട്. ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴിയാണ് നിങ്ങൾ റീചാർജ് പ്ലാനുകൾ വാങ്ങുന്നതെങ്കിൽ കൺവീനിയൻസ് ഫീസ് ഒഴിവാക്കാനുള്ള ഒരു മാർഗ്ഗമാണെന്ന് സൂചനയുണ്ട്. ഇതിനുമുൻപേ പേറ്റിഎം, ഫോൺ പേ തുടങ്ങിയ ആപ്പുകളും ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കി തുടങ്ങിയിരുന്നു. ഇപ്പോൾ ഇതാ ഗൂഗിൾ പേയും ആ പാത പിന്തുടരുന്നു.