ഗൂഗിൾ പേ, ഫോൺ പേ,ആമസോൺ പേ എന്നിവ വഴി ഒരു ദിവസം എത്ര രൂപ അയക്കാം

            യുപിഐ വഴി ഒരു ദിവസം നിങ്ങൾക്ക് എത്ര തുക കൈമാറ്റം ചെയ്യാം എന്നതു ഏത് ആപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

    


                യുപിഐ ഇടപാടുകൾ നടത്താത്തവർ ഇന്ന് അപൂർവമാണ്. പണം കയ്യിൽ സൂക്ഷിക്കുന്നതിന് പകരം പലരും യുപിഐ ഇടപാടുകളാണ് നടത്തുന്നത്. ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ ഇന്ന് സജീവമാണ്. എന്നാൽ യു പി  ഐ ഇടപാടുകൾക്ക് പരിധിയുണ്ടെന്ന് പലർക്കും അറിയില്ല. യുപിഐ വഴി ഒരു ദിവസം എത്ര രൂപ കൈമാറാം. പ്രതിദിനം ഒരുലക്ഷം രൂപ വരെയാണ് സാധാരണ യുപിഐ യുടെ ഇടപാട് പരിധി. ഒരു ലക്ഷം രൂപയിൽ കൂടുതൽ 24 മണിക്കൂറിനുള്ളിൽ ഒരു ബാങ്കും അനുവദിക്കുന്നില്ല. യുപിഐ വഴി ഒരു ദിവസം എത്ര രൂപ കൈമാറ്റം ചെയ്യാം എന്നതു നിങ്ങൾ ഏത് ആപ്പ് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

 ജനപ്രിയ ആപ്പുകളിലെ യുപിഐ ഇടപാട് പരിധികൾ ചുവടെ കൊടുക്കുന്നു

 ഗൂഗിൾ പേ

                 ഒരു ദിവസം ഒരു ഉപഭോക്താവിന് ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപയിൽ കൂടുതൽ അയക്കാൻ കഴിയില്ല. മാത്രമല്ല, 10 ഇടപാടുകളിൽ കൂടുതൽ ഒരു ദിവസം നടത്താൻ ഉപഭോക്താക്കളെ ആപ്പ് അനുവദിക്കുന്നില്ല. ഇതിനർത്ഥം ഒരുലക്ഷം രൂപയുടെ ഒരു ഇടപാട് അല്ലെങ്കിൽ വിവിധ തുകകളുടെ 10 ഇടപാടുകൾ വരെ നിങ്ങൾക്ക് നടത്താം.

 ഫോൺ പേ

              ഒരു ലക്ഷം രൂപ തന്നെയാണ് ഒരു ദിവസം ഫോൺ പേയുടെ പേയ്മെന്റ് പരിധി.

 എന്നാൽ ഒരു ദിവസം 10 എണ്ണം എന്ന ഇടപാട്   പരിധി  ഇവിടെയില്ല.

 പേടിഎം

           പേടിഎം ആപ്പും ഒരു ലക്ഷം രൂപ വരെ മാത്രമേ ഒരു ദിവസം പേയ്മെന്റ് അനുവദിക്കൂ. ഇവിടെ യുപിഐ  പേയ്മെന്റ്  കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല.

 ആമസോൺ പേ

                    ഒരു ലക്ഷം രൂപ വരെ യുപിഐ  പേയ്മെന്റ് നടത്താൻ ആമസോൺ പേ അനുവദിക്കുന്നു. ഒരു ദിവസം 20 ഇടപാടുകളും ആപ്പ് അനുവദിക്കുന്നു.  പുതിയ ഉപഭോക്താക്കൾക്ക്, 5000 രൂപ വരെ മാത്രമേ ആദ്യ 24 മണിക്കൂറിനുള്ളിൽ ഇടപാട് നടത്താൻ കഴിയൂ.