ഇനി ഗൂഗിൾ പേയിൽ ഫ്രീ ഇല്ല, ആരൊക്കെ കൺവീനിയൻസ് ഫീസ് നൽകണം, കാശ് പോകുമോ, അറിയേണ്ടതെല്ലാം

Charges on Google pay, everything to know

           


        

             ഫ്രീയായി കിട്ടുന്ന എന്തിനോടും നമുക്ക് താൽപര്യം കൂടുതലാണ്. ഒന്നെടുത്താൽ ഒന്ന് ഫ്രീ  കിട്ടുന്ന സാധനങ്ങൾ, ഫ്രീ ഗിഫ്റ്റ് കൂപ്പണുകൾ, അങ്ങനെ ഉപയോഗമില്ലാത്ത സാധനങ്ങൾ ആയാൽ പോലും നമ്മൾ ഹാപ്പിയാണ്. അങ്ങനെ ഫ്രീ കാലം കഴിഞ്ഞ് പോകെ പോകേ സൗജന്യങ്ങൾ ഒന്നൊന്നായി കുറഞ്ഞു തുടങ്ങും. ഫ്രീയായി കിട്ടിക്കൊണ്ടിരുന്ന പലതും നമ്മൾ പണം  മുടക്കി വാങ്ങേണ്ടിവരും. എന്നാൽ ഫ്രീ കിട്ടി കിട്ടി നമുക്ക് ഇതൊരു ശീലമായതുകൊണ്ടോ നമ്മുടെ സൗകര്യം കൊണ്ടോ പണം മുടക്കിയാലും സാരമില്ലെന്ന അവസ്ഥയിൽ എത്തും.

                       സംശയിക്കേണ്ട ഗൂഗിൾ പേയെ കുറിച്ച് തന്നെയാണ് ഈ പറഞ്ഞു വരുന്നത്. ഗൂഗിൾ പേ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. സംഭവം അറിഞ്ഞ പലരും ടെൻഷനിലായി. റീചാർജുകൾക്ക് പുറമേ പണം ഇടപാടുകൾക്കും ഇത് നൽകേണ്ടി വരുമോ എന്ന ആശങ്ക പലർക്കും ഉണ്ട്. ഗൂഗിൾ പേയുടെ പുതിയ പരിഷ്കാരത്തെ കുറിച്ച് കൂടുതൽ അറിയേണ്ടതായുണ്ട്.        നിലവിൽ പണം ഇടപാട് നടത്താൻ നമ്മൾ പല പെയ്മെന്റ് ആപ്പുകളും ഉപയോഗിച്ചുവരുന്നു. ഉത്തരം പേയ്മെന്റ് രീതികളുടെ സുഗമമായ നടത്തിപ്പിനായി നൽകേണ്ടിവരുന്ന പണമാണ് കൺവീനിയൻസ് ഫീസ്. ഇത് പൊതുവേ കുറഞ്ഞ ഒരു തുകയാണ്. എന്നാൽ വരുംകാലത്ത് ഇത് കൂട്ടാനും സാധ്യതയുണ്ട്. ലളിതമായി പറഞ്ഞാൽ, നമ്മൾ നേരിട്ട് ചെയ്യേണ്ട സേവനങ്ങൾ എളുപ്പത്തിനായി വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ സഹായിക്കുന്നതിന്  പകരമായി നൽകുന്ന ഫീസ് ആണ് കൺവീനിയൻസ് ഫീസ്. ഇങ്ങനെ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്. അതായത് നിങ്ങളുടെ ഇടപാടിൽ എത്ര രൂപയാണ് കൺവീനിയൻസ് ഫീസ് ആയി നൽകേണ്ടി വന്നതെന്ന് റെസിപ്റ്റിൽ പ്രത്യേകമായി കാണിച്ചിരിക്കണം. ഗൂഗിൾ പേയുടെ കൺവീനിയൻസ് ഫീസുമായി ബന്ധപ്പെട്ട് പങ്കുവെക്കപ്പെട്ട സ്ക്രീൻഷോട്ടിലും ആകെ തുകയ്ക്ക് പുറമെ കൺവീനിയൻസ് ഫീയുടെ തുക പ്രത്യേകം കാണിച്ചിട്ടുണ്ട്. 

                       10 യു എസ്‌ സംസ്ഥാനങ്ങളിൽ കൺവീനിയൻസ് ഫീസ് നിരോധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഇവ നിയമവിധേയമാണ്.

                        നിലവിൽ മൊബൈൽ റീചാർജുകൾക്ക് മാത്രമാണ് കൺവീനിയൻസസ് ഈടാക്കി വരുന്നത്.100 രൂപയിൽ താഴെ വരുന്ന റീചാർജകൾക്ക് കൺവീനിയൻസ് ഫീസ്  ഉണ്ടാവില്ല. 200 മുതൽ 300 വരെയാണെങ്കിൽ രണ്ട് രൂപ ഈടാക്കും. 300 രൂപയ്ക്ക് മുകളിലാണെങ്കിൽ  മൂന്നു രൂപയും ഈടാക്കുന്നുണ്ട്. ഈ കൺവീനിയൻസ് ഫീ ജി എസ് ടി ഉൾപ്പെടെയുള്ളതാണ്.

             ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഈ മാസം ആദ്യം ഗൂഗിൾ, സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചന അധികാരത്തിൽ ഫീസ് നിശ്ചയിക്കും എന്ന് നിബന്ധനകളിൽ പറയുന്നുണ്ട്. ഗൂഗിൾ പേയുടെ ആദ്യകാല സേവനങ്ങൾ തികച്ചും സൗജന്യമായിരുന്നു. മാത്രമല്ല ആകർഷകമായ ഓഫറുകളും അവർ അനുവദിച്ചിരുന്നു. സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്താൽ പണം ലഭിക്കും, ഓരോ പണമിടമാണ് ക്യാഷ് ബാക്കും ഗിഫ്റ്റ് കാർഡുകളും, അങ്ങനെ ഉപഭോക്താക്കളെ ഹാപ്പി ആക്കുന്ന പലതും ഗൂഗിൾ നൽകിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതിയും ഗൂഗിൾ പേ നേടി. ഗൂഗിളിന്റെ സ്വന്തം പെയ്മെന്റ് ആപ്പ് ആയതിനാൽ ആളുകളുടെ വിശ്വാസ്യത വർദ്ധിച്ചു . കോവിഡ് കാലത്തെ ഡിജിറ്റൽ പണം ഇടപാടുകൾ ഗൂഗിൾ പേയെ  കൂടുതൽ ഉയരത്തിൽ എത്തിച്ചു.

            പോകപ്പോകെ ക്യാഷ് ബാക്കും കുറഞ്ഞു ഓഫറുകളും കുറഞ്ഞു. ഗിഫ്റ്റ് കാർഡ് ചുരണ്ടുമ്പോൾ കിട്ടുന്നത് ബെസ്റ്റ് ലക്ക് ബെറ്റർ  ടൈം എന്നായതോടെ  ഓഫർ ടൈം കഴിഞ്ഞുവെന്ന് മനസ്സിലായി തുടങ്ങി. പക്ഷേ അപ്പോഴേക്കും ഗൂഗിൾ പേ പോലുള്ള പെയ്മെന്റ് ആപ്പുകൾ നമുക്ക് ശീലമായി കഴിഞ്ഞിരുന്നു. പണം കയ്യിൽ കൊണ്ട് നടക്കേണ്ട ബുദ്ധിമുട്ടില്ല, മോഷണം പോകുമെന്ന് ടെൻഷൻ ഇല്ല, ഗിഫ്റ്റ് കാർഡും ക്യാഷ് ബാക്കും കിട്ടിയില്ലെങ്കിലും, ഫ്രീയായി പണം ഇടപാട് നടത്താമല്ലോ എന്നായി  നമ്മുടെ ചിന്ത. അങ്ങനെയിരിക്കയാണ് നമുക്ക് തിരിച്ചടി കിട്ടിയിരിക്കുന്നത്. പേടിഎം, ഫോൺ പേ തുടങ്ങിയ ആപ്പുകൾ നേരത്തെ തന്നെ സേവനങ്ങൾക്ക് ഫീ ഈടാക്കി തുടങ്ങിയിരുന്നു  അതിനു പിന്നാലെ ആണ് ഇപ്പോൾ ഗൂഗിൾ പേയും ഫീ ഈടാക്കി തുടങ്ങിയിരിക്കുന്നത്. ഭാവിയിൽ എല്ലാ ഇടപാടുകൾക്കും കൺവീനിയൻസ് ഫീ ഈടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.