യു പി ഐ ഇടപാടിന് നിയന്ത്രണമോ? പണം കിട്ടാൻ നാലുമണിക്കൂർ ഇടവേള

Restrictions on upi transactions, four hour break to get money

                   


 

                          യുപിഐ ആപ്പുകൾ ആയ ഫോൺ പേ, ഗൂഗിൾ പേ, ഒക്കെ വഴി പണം അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാനായി യുപിഐ ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.രണ്ടുപേർ ആദ്യമായി തമ്മിൽ നടത്തുന്ന ഇടപാടിന് നാലുമണിക്കൂർ ഇടവേള  കൊണ്ടുവരാൻ ആണ് നീക്കം. അതായത് നിങ്ങൾ ഒരാൾക്ക് പണം അയച്ചാൽ 4 മണിക്കൂർ കഴിഞ്ഞശേഷമേ അയാൾക്കത് ലഭിക്കൂ.  2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെ പണം ഇടപാട്  നടത്തിയിട്ടില്ലാത്ത വ്യക്തിക്ക് പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് ഈ നിയന്ത്രണം  ബാധകമായി വരിക. മറ്റ് ഓൺലൈൻ പണമിടപാടുകൾക്കും ഈ നിയന്ത്രണം ബാധകമായി വരാനാണ് നീക്കം. ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (IMPS), റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ്(RTGS) തുടങ്ങിയവയിലും നടപ്പാക്കും എന്നാണ് വിവരം.

                    നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മാതൃകയിലുള്ള സമയം നിയന്ത്രണമാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. അതായത് ഒരാൾക്ക് പണം അടച്ചു കഴിഞ്ഞാൽ അത് ട്രാൻസ്ഫർ ആകുന്നത് തടയാൻ പണം അടച്ച് ആൾക്ക് സമയം ലഭിക്കും എന്നതാണ് ഇതിന്റെ ഗുണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

 ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു

                     ഈ വർഷം മാത്രം13,530 കേസുകളാണ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 30,242 കോടി രൂപയുടെ തട്ടിപ്പാണ് ഈ കേസുകളിൽ മാത്രം ഉണ്ടായത്. ഇതിൽ 49 ശതമാനവും ഡിജിറ്റൽ പെയ്മെന്റുകളുമായി ബന്ധപ്പെട്ടവയാണ്. ഡിജിറ്റൽ പെയ്മെന്റ് ഇടപാടുകൾ നിയന്ത്രിക്കുന്ന കാര്യം നേരത്തെ ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും യൂക്കോ ബാങ്ക് 820 കോടി രൂപയുടെ ഐ എം പി എസ് തട്ടിപ്പ് റിപ്പോർട്ട്  ചെയ്തതോടെയാണ് ഈ ഔദ്യോഗിക നടപടികൾ വേഗത്തിൽ ആക്കിയത്.

 എന്താണ് യൂക്കോ ബാങ്ക് തട്ടിപ്പ് കേസ്

                യൂക്കോ ബാങ്കിലെ  ഇമ്മീഡിയറ്റ് ഫണ്ട് ട്രാൻസ്ഫർ സിസ്റ്റത്തിലെ തകരാർ മൂലം ഈ മാസം പത്തിനും പതിമൂന്നിനും ഇടയിലാണ്  820 കോടി രൂപ ഉദ്ദേശിക്കാത്ത അക്കൗണ്ടുകളിലേക്ക് പോയത്. ആറോ ഏഴോ ബാങ്കുകളിൽ പണം അടച്ചവർക്ക് ട്രാൻസാക്ഷൻസ് എന്ന മെസ്സേജ് വന്നു തുടങ്ങിയപ്പോഴാണ് വിവരം ശ്രദ്ധയിൽപ്പെട്ടത്. ഇടപാട് നടന്നില്ല എന്നാണ് മെസ്സേജ് എങ്കിലും പണം പോയിരുന്നു. ഒപ്പം പണം അടച്ച ആളുടെ അക്കൗണ്ടിലും ഇതേ തുക വന്നിരുന്നു. അങ്ങനെ പണം അടച്ച അക്കൗണ്ടുകൾ മരവിപ്പിച്ച് 649 കോടി രൂപ തിരിച്ചു പിടിച്ചു. ശേഷിച്ച 171 കോടി  രൂപ തിരിച്ചു പിടിക്കാൻ യൂക്കോ ബാങ്ക് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.