ഇന്ത്യയിലെ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്പെഷ്യൽ എഫ് ഡി സ്കീം വീ കെയറിന്റെ സമയപരിധി നീട്ടി. 2024 മാർച്ച് 31 വരെയാണ് ഉയർന്ന പലിശ ലഭിക്കുന്ന ഈ സ്കീമിന്റെ കാലാവധി നീട്ടിയത്. ഈ സ്കീം പ്രകാരം കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ പുതുക്കാനും പുതിയ നിക്ഷേപം നടത്താനും സാധിക്കും.
ഈ സ്കീം ആദ്യമായി അവതരിപ്പിച്ചത് 2020 മെയ് മാസമാണ്. മുതിർന്ന പൗരന്മാർക്ക് ഉയർന്ന റിട്ടേൺ എന്ന വാഗ്ദാനത്തോടെയാണ് ഈ സ്കീം കൊണ്ടുവന്നത്. 7.5 ശതമാനം വാർഷിക പലിശയാണ് ഈ സ്കീം അനുസരിച്ച് ലഭിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 0.05% അധിക പലിശ നിരക്ക് ലഭിക്കുമെന്നാണ് എസ് ബി ഐ യുടെ വെബ്സൈറ്റിൽ പറയുന്നത്. അഞ്ചുവർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വീ കെയർ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് 7.50% പലിശ നിരക്കാണ് നിക്ഷേപകർക്ക് ലഭിക്കുക. മൂന്നുമാസം കൂടുമ്പോഴോ, പ്രതിമാസത്തിലോ, അർദ്ധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആയിരിക്കും ഈ സ്കീമിന്റെ പലിശ ലഭിക്കുക.