Hello, I am the Manager of........ Company Are you searching for a good job?
ഇതുപോലൊരു വാട്സ്ആപ്പ് മെസ്സേജ് കഴിഞ്ഞ ഒരു വർഷത്തിനിടെ പരിചയമില്ലാത്ത നമ്പറിൽ നിന്നും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മെസ്സേജ് ലഭിച്ചിട്ടും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായിട്ടില്ല എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ.
തൊഴിലില്ലായ്മയുള്ള നമ്മുടെ നാട്ടിൽ തൊഴിൽ വേണമോ എന്ന് ഒരാൾ ചോദിച്ച് മെസ്സേജ് അയച്ചാൽ ചുരുക്കം പേരെങ്കിലും നോക്കി പോകും. തട്ടിപ്പാണ് ഇത് എന്ന് മനസ്സിൽ തോന്നിയാലും വെറുതെ ഒരു യെസ് അയയ്ക്കും. ജോലി വളരെ എളുപ്പമാണ്, യൂട്യൂബിലെ വീഡിയോകൾക്ക് ലൈക് ചെയ്യുക, ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾക്ക് നല്ല റേറ്റിങ്ങും റിവ്യൂസും നൽകുക, എന്നിവ ആയിരിക്കും.
കോടിക്കണക്കിന് രൂപ ഇന്ത്യയിൽ നിന്നും തട്ടിയെടുക്കുന്ന 'ടെലഗ്രാം പ്രീപെയ്ഡ് ടാസ്ക് ' എന്ന് ന്യൂജൻ തട്ടിപ്പിന്റെ കവാടമാണ് ഈ മെസ്സേജ്. ബാങ്ക് അക്കൗണ്ട് വഴി ട്രാക്ക് ചെയ്തു പോലും യഥാർത്ഥ തട്ടിപ്പ്കാരനിലേക്ക് എത്താൻ കഴിയില്ല എന്നതാണ്മറ്റ് സൈബർ തട്ടിപ്പുകളിൽ നിന്നും ഈ ന്യൂജൻ തട്ടിപ്പ് വ്യത്യസ്തമാകുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് അമ്പലപ്പുഴയിൽ എംബിബിഎസ് വിദ്യാർത്ഥിക്ക് നഷ്ടമായത് 1.31ലക്ഷം രൂപയാണ്. വിതുര സ്വദേശിയും വിദേശത്ത് അധ്യാപകനുമായ വ്യക്തിക്ക് മാസങ്ങൾക്ക് മുൻപ് നഷ്ടമായത് 1.16 ലക്ഷം രൂപയാണ്. വാട്സാപ്പിൽ തുടങ്ങി ടെലഗ്രാമിലും അത് വഴി ക്രിപ്റ്റോയിലേക്കും നീങ്ങുന്ന സങ്കീർണമായ തട്ടിപ്പിൽ ദിവസവും കുരങ്ങുന്നത് നൂറുകണക്കിന് ആളുകളാണ്.
• ഫ്രീ ആയി 150 രൂപ ലഭിക്കും
ഇതുവരെ കണ്ടിട്ടുള്ള എല്ലാ സൈബർ തട്ടിപ്പുകളിലും ആദ്യം പണം അങ്ങോട്ട് നിക്ഷേപിക്കണം. ഈ പണം കൈക്കലാക്കുന്നതോടെ തട്ടിപ്പ് അവസാനിക്കുന്നു. എന്നാൽ ഇവിടെ ഒരു രൂപ പോലും അങ്ങോട്ട് അയയ്ക്കാതെ, 50 രൂപ വീതം ഒരു ടാസ്കിന് ഇങ്ങോട്ട് നൽകുന്നതാണ്ഈ തട്ടിപ്പിന്റെ തുടക്കം.ഇത് നിങ്ങളെ കുടുക്കാനുള്ള ഒരു ചൂണ്ടയാണ്. 50,000 രൂപ അടിച്ചു മാറ്റാനായി തട്ടിപ്പുകാർ നടത്തുന്ന ഒരു ഇൻവെസ്റ്റ്മെന്റ് ആണ് ഈ 50 രൂപ.
വാട്സാപ്പിൽ ആയിരിക്കും ഇവർ ആദ്യം മെസ്സേജ് അയക്കുക. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുക, ഒരു ഹോട്ടൽ 5 സ്റ്റാർ റേറ്റിംഗ് നൽകുക, എന്നിവ ടാസ്ക് ആയി നൽകും . ഓരോ ടാസ്കിനും 50 രൂപ.
ഉദാഹരണത്തിന് ഒരു ഹോട്ടലിന്റെ പേര് നൽകും, അവരുടെ ഗൂഗിൾ പേജിൽ കയറിയിട്ട് റേറ്റ് ചെയ്തു സ്ക്രീൻഷോട്ട് അവർക്ക് അയക്കണം. മൂന്ന് ടാസ്ക് ചെയ്തു കഴിഞ്ഞ് 150 രൂപ ഒരുമിച്ചേ ലഭിക്കൂ. ഇനി വാട്സ്ആപ്പ് വിട്ട് ടെലഗ്രാം ആപ്പിലേക്ക് തട്ടിപ്പ് വഴിമാറുന്നു.
പണം ലഭിക്കാൻ ടെലഗ്രാം ആപ്പിൽ 'റിസപ്ഷനിസ്റ്റ് 'എന്ന ആളെ ഒരു കോഡ് അയച്ച് സമീപിക്കണം. റിസപ്ഷനിസ്റ്റ്, തട്ടിപ്പ് സംഘത്തിലെ ഒരാൾ തന്നെയാണ്.വാട്സാപ്പിൽ ലഭിക്കുന്ന കോഡ് റിസപ്ഷനിസ്റ്റ്നു കൈമാറണം.
• ടെലഗ്രാം എന്തുകൊണ്ട്
വാട്സാപ്പിൽ ചാറ്റ് ചെയ്തു കൊണ്ട് ഇരുന്നവർ ഇപ്പോൾ എന്തിനാണ് ടെലഗ്രാമിലേക്ക് മാറിയത്? കാരണം, നമ്പർ വെളിപ്പെടുത്താതെയുള്ള ചാറ്റ്, ഇരുവശത്തും ചാറ്റ് ഡിലീറ്റ് ചെയ്യേണ്ട ഓപ്ഷൻ, എന്നിവ ടെലഗ്രാമിനെ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ ആക്കുന്നു. വാട്സാപ്പിൽ ആണെങ്കിലോ നമ്പർ വെളിപ്പെടുത്തണം. വെർച്വൽ നമ്പർ ആണെങ്കിലും വാട്സ്ആപ്പ് തട്ടിപ്പ് അക്കൗണ്ട് അതിവേഗം നീക്കപ്പെടാനും സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ ആണ് തട്ടിപ്പുകാർ ടെലഗ്രാമിലേക്ക് ക്ഷണിക്കുന്നത്.
• റിസപ്ഷനിസ്റ്റ് 150 രൂപ തരും
വാട്സാപ്പിൽ ലഭിച്ച കോഡ് ടെലഗ്രാമിലെ റിസപ്ഷനിസ്റ്റിനെ സമീപിച്ചാൽ ഉടൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിക്കും. അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ മൂന്ന് ടാസ്കളുടെ പ്രതിഫലമായ 150 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തിച്ചേരും. അങ്ങോട്ട് ഒരു രൂപ പോലും നൽകാതെ ഇങ്ങോട്ട് പ്രതിഫലം ലഭിക്കുന്നതോടെ നമ്മുടെ വിശ്വാസം അവർ നേടിയെടുക്കും. ശേഷം ഒരു ടെലഗ്രാം ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർക്കും. ഗ്രൂപ്പിന് ഒരു നമ്പർ ഉണ്ടായിരിക്കും. ശരിക്കും ഇത് അവർ നിങ്ങൾക്കിടുന്ന നമ്പറാണ്.
ദിവസവും 24 വരെയുള്ള ടാസ്കുകൾ ഉണ്ടാവും. ഒന്നിന് 50 മുതൽ 200 രൂപ വരെ. ഓരോ മണിക്കൂറും ഇടവിട്ട് യൂട്യൂബിൽ ചാനലുകളുടെ ലിങ്കുകൾ അല്ലെങ്കിൽ ഹോട്ടലുകളുടെ പേര് എന്നിവയെത്തും. മൂന്ന് ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ 200, 250 രൂപ അക്കൗണ്ടിൽ എത്തും. പണം നേടാൻ ആർത്തി വർദ്ധിക്കും
• ടാസ്ക് എന്ന കുരുക്ക്
ടാസ്ക് 1-3, ടാസ്ക് 4-6, ഇവ ചെയ്തു കഴിയുമ്പോൾ ചെറിയ ഒരു തുക അക്കൗണ്ടിൽ എത്തും. പണം എത്തുമ്പോൾ വിശ്വാസവും വർദ്ധിക്കും. ശേഷം7- 9 ടാസ്കുകൾ. ഇതിൽ 8 മത്തെ ടാസ്ക് പ്രീപെയ്ഡ് ആയിരിക്കും.1500 രൂപ ഓൺലൈൻ വഴി അയച്ചാൽ ഉടൻ1901 രൂപ
തിരികെ ലഭിക്കും എന്ന സന്ദേശം ഉണ്ടാവും. ഇത് തട്ടിപ്പാണെന്ന് കരുതി നമ്മൾ പണം ഇടില്ല. എന്നാൽ ഗ്രൂപ്പിൽ പലരും പണം ഇട്ട്, പണം ലഭിക്കുന്നതിന്റെ തെളിവുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. 20 പേരുള്ള ആ ഗ്രൂപ്പിൽ നിങ്ങൾ മാത്രമായിരിക്കും യഥാർത്ഥ വ്യക്തി. ബാക്കി 19 പേരും വ്യാജ പ്രൊഫൈലിൽ ഉള്ളവരാണ്. പണമിടാൻ ഇത് ഒരു പ്രേരണയാകുന്നു. നമ്മൾ പണം ഇടാതെ ടാസ്കുകൾക്കായി കാത്തിരിക്കും എങ്കിലും അടുപ്പിച്ചുള്ള മൂന്ന് ടാസ്കുകൾ പൂർത്തിയാക്കിയാൽ മാത്രമേ പണം ലഭിക്കുകയുള്ളൂ. രണ്ടുതവണ പ്രീപെയ്ഡ് ടാസ്ക് സ്കിപ്പ് ചെയ്യുവാൻ കഴിയും. പിന്നീടുള്ള മൂന്ന് വീതമുള്ള ടാസ്കുകളിൽ ഒരെണ്ണം പ്രീപെയ്ഡ് ആയിരിക്കും.അത് ചെയ്യാത്തതിനാൽ നിങ്ങളുടെ സൗജന്യ ടാസ്കുകളുടെ പണവും ലഭിക്കാതെ വരും.
എന്തും വരട്ടെ, പ്രീപെയ്ഡ് ടാസ്ക് ഒന്ന് ചെയ്തു നോക്കാനായി നിങ്ങൾ റിസപ്ഷനിസ്റ്റിനെ സമീപിക്കും. അവർ നൽകുന്ന അക്കൗണ്ടിലേക്ക് 1500 രൂപ നിക്ഷേപിക്കുന്നതിലൂടെ തിരിച്ചു നിങ്ങൾക്ക് 1901 രൂപ ലഭിക്കുന്നു. ഇതോടെ പൂർണ വിശ്വാസ്യത നേടുന്നു. കളിയിൽ ഹരം പൂണ്ട നിങ്ങൾ പല അക്കൗണ്ടിലേക്കായി 30,000 രൂപ വരെ നിക്ഷേപിക്കും. യഥാർത്ഥത്തിൽ തട്ടിപ്പുകാരൻ നൽകുന്നത് അവരുടെ യഥാർത്ഥ അക്കൗണ്ട് ആയിരിക്കില്ല. പകരം നിങ്ങളെപ്പോലെ കളിക്കുന്ന മറ്റു ഗ്രൂപ്പുകളിൽ ഉള്ളവർ ആയിരിക്കും. നിങ്ങൾക്ക് പണം ലഭിക്കുന്നതും ഇതുപോലെതന്നെ.
ഇത്തരം ഇടപാടുകൾ ആദ്യം നിങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ അവർ കളിക്കാരിൽ നിന്ന് പരസ്പരം ചെയിൻ രീതിയിൽ എത്തിക്കുന്നതാണ്. തുടർന്നും നിങ്ങൾ ടാസ്കുകൾ പൂർത്തിയാക്കി വലിയ സംഖ്യകളിലേക്ക് പോകുമ്പോൾ നിങ്ങളുടെ പണം തിരികെ ലഭിക്കാതെ വരും. അടച്ച തുക തിരികെ ലഭിക്കാനായി അതിലും വലിയ തുക അവർ ആവശ്യപ്പെടും.
മുൻപ് അടച്ച പണം തിരികെ ലഭിക്കാനായി തുടർന്ന് നൽകുന്ന ഓരോ ടാസ്കിനും കൂടുതൽ പണം നിക്ഷേപിക്കും. അങ്ങനെ കുറെ ഘട്ടം കഴിയുമ്പോൾ ഈ പണം ഒന്നും ലഭിക്കാൻ പോകുന്നില്ല എന്ന് ബോധ്യമാകും.അവസാനം ടെലഗ്രാം ഗ്രൂപ്പിൽ നിന്നും നിങ്ങളെ പുറത്താക്കും. ഇരുവശത്തെയും ചാറ്റ് ഡിലീറ്റ് ചെയ്യും. ഒരു തെളിവ് പോലും ശേഷിപ്പിക്കില്ല.
ആർക്ക് പണം നൽകി?
എവിടെ നിന്ന് പണം വന്നു?
വൻ തുക നൽകി കളി മാറുമ്പോൾ ഓം സായി ബര്വാല പൗൾട്രി ഫാം ലിമിറ്റഡ്, ജൻപഥ് ഇലക്ട്രിക്കൽസ്, അസർ ട്രേഡേഴ്സ്, തുടങ്ങിയ അക്കൗണ്ടുകളിലേക്ക് പണം അടയ്ക്കാൻ നിർദ്ദേശം വരും. ചില സാങ്കല്പിക സ്ഥാപനങ്ങളുടെ പേരിൽ എടുക്കുന്ന വ്യാജ അക്കൗണ്ടുകളാണ് ഇവയെല്ലാം. ഇവ തട്ടിപ്പുകാർ നേരിട്ട് ഓപ്പറേറ്റ് ചെയ്യുന്നവ അല്ല. വൻ തുകകൾ ലഭിക്കുവാനായി തട്ടിപ്പുകാർ വ്യാജ കറണ്ട് അക്കൗണ്ടുകൾ വിലക്കെടുത്തും വാടകയ്ക്ക് എടുത്തുമാണ് ഉപയോഗിക്കുന്നത്. ഇവ പിന്തുടർന്ന് എത്തിയാൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയവർ കുടുങ്ങും. അളവില്ലാത്ത വൻ തുകകളുടെ ഇടപാടുകൾ നടത്താം എന്നാണ് കറണ്ട് അക്കൗണ്ടുകൾ എടുക്കാൻ തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നത്.
കറണ്ട് അക്കൗണ്ടിൽ എത്തിയ പണം ബാങ്കിംഗ് ശൃംഖലയിൽ നിന്ന് പുറത്ത് എത്തിക്കുക എന്നതാണ് തട്ടിപ്പുകാരുടെ അടുത്ത ലക്ഷ്യം. ക്രിപ്റ്റോ കറൻസിയായി പണം മാറ്റുന്ന ധാരാളം പേര് പാർട്ട് ടൈം ജോലിക്കായി എന്ന പേരിൽ എടുക്കും. തട്ടിപ്പിലൂടെ ലഭിച്ച പണം ചെറിയ തുകകളാക്കി നൂറുകണക്കിന് ആളുകളുടെ സേവിങ്സ് അക്കൗണ്ടിലേക്ക് അയയ്ക്കും. ബൈനാൻസ് പോലുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ അക്കൗണ്ട് ഉള്ള ഇവർ പണം ബിറ്റ് കോയിൻ ആയി മാറ്റും. ഇതാണ് ഇവരുടെ കമ്മീഷൻ. ഒടുവിൽ തട്ടിപ്പുകാരുടെ ക്രിപ്റ്റോ വോലറ്റിലേക് ഇത് അയക്കുന്നതോടെ പണം ഇന്ത്യ കടക്കും. ഇതുവരെയുള്ള ഇടപാടുകളെല്ലാം തട്ടിപ്പുകാരൻ അതിവിദഗ്ധമായി നിയന്ത്രിച്ചത് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ആണെന്ന് നാം മനസ്സിലാക്കണം. അന്വേഷണം നടന്നാൽ തന്നെ പലപ്പോഴും പൂർത്തീകരിക്കാൻ കഴിയില്ല.