പണമിടപാടുകളുടെ സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള ആപ്ലിക്കേഷനുകൾ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.
ഏറ്റവുമധികം പേർ രാജ്യത്ത് ഉപയോഗിക്കുന്ന യുപിഐ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ. രാജ്യത്തെ മാർക്കറ്റ് വിഹിതം നോക്കുകയാണെങ്കിൽ മുൻനിരയിലുള്ള 5 ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ. ലളിതമായ ഡിസൈനും, എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും, ഗൂഗിൾ ഉറപ്പു നൽകുന്ന സുരക്ഷയും ഗൂഗിൾ പേ ആപ്പിന് ഉണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ഓരോ ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താവിന് അപ്പപ്പോൾ തന്നെ അവ പരിശോധിച്ചു തട്ടിപ്പ് അല്ല എന്ന് സ്ഥിരീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഫ്രോഡ് പ്രെവെൻഷൻ ടെക്നോളജിയും ആപ്പിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. തങ്ങളാൽ കഴിയുന്ന സുരക്ഷാക്രമീകരണങ്ങൾ ചെയ്യുമ്പോൾ ഉപഭോക്താക്കളും കെണിയിൽ അകപ്പെടാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ഗൂഗിളിന്റെ നിർദ്ദേശം. ഇതിനുവേണ്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്കായി മുന്നറിയിപ്പുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ ആണ് ഇതിൽ പ്രധാനപ്പെട്ടത്. ഗൂഗിൾ പേ ഉപയോഗിക്കുന്നതിനു മുൻപ് ഫോണിൽ സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ഫോൺ സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് മറ്റൊരാൾക്ക് കാണാൻ സാധിക്കുന്ന ആപ്ലിക്കേഷൻ ആണ് സ്ക്രീൻ ഷെയറിങ് ആപ്പ്. ഫോൺ, ടാബ്, കമ്പ്യൂട്ടർ, ഇവയിൽ ഒക്കെ പ്രവർത്തിക്കുന്ന ആപ്പുകളും സോഫ്റ്റ്‌വെയറുകളും ഉണ്ട്. ഫോണുകളോ കമ്പ്യൂട്ടറുകളോ വിദൂരത്തിരുന്ന് ഒരാൾക്ക് തകരാറുകൾ ഒക്കെ പരിഹരിക്കാൻ സഹായകമാണ് ഇത്തരം ആപ്പുകൾ. എന്നാൽ ഇവ ദുരുപയോഗപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഇത്തരം ആപ്പുകൾ ഫോണിൽ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.അല്ലെങ്കിൽ തട്ടിപ്പുകാർ നിങ്ങളുടെ ഫോണിൽ നിന്ന് നിങ്ങൾക്ക് പകരം ഇടപാടുകൾ നടത്തുകയോ, എടിഎം കാർഡ് വിവരങ്ങൾ കൈക്കലാക്കുകയോ, ഓ ടി പി മനസ്സിലാക്കുകയോ ചെയ്യാം.
ഒരു കാരണവശാലും മറ്റ് തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഇതിനുപുറമേ ഇൻസ്റ്റാൾ ചെയ്യാൻ ഗൂഗിൾ പേ ആവശ്യപ്പെടില്ല.ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ അവ പ്രവർത്തനരഹിതമാണെന്ന് ഉറപ്പുവരുത്തുക. ഗൂഗിൾ പേ പ്രതിനിധികൾ ആണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയാണെങ്കിൽ എത്രയും വേഗം അവ അൺഇൻസ്റ്റാൾ ചെയ്യണമെന്നും, കൂടാതെ അവ റിപ്പോർട്ട് ചെയ്യാനും ഗൂഗിൾ പേ നിർദ്ദേശിക്കുന്നു.