മനുഷ്യരുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് വീട്. ഒരാളുടെ ആകെ സമ്പാദ്യത്തിന്റെ 60 ശതമാനത്തിന് മുകളിൽ ഭവന നിർമ്മാണത്തിനായി ചെലവഴിക്കുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർഷങ്ങളുടെ അധ്വാനം ഓരോ വീടിന്റെയും പിറകിലുണ്ട്. അതുകൊണ്ടുതന്നെ ഭവന നിർമ്മാണം പോലെ ഭവന പരിപാലനവും പ്രധാനപ്പെട്ടതാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളിൽ, വീടിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഈ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി ഭവന ഇൻഷുറൻസുകൾ ആവശ്യമാണ്.
രണ്ട് രീതിയിലുള്ള പരിരക്ഷയാണ് ഭവന ഇൻഷുറൻസിന് നൽകുന്നത്. തീപിടുത്തം വെള്ളപ്പൊക്കം, ഭൂകമ്പം, തുടങ്ങിയ പത്തോളം വിപത്തുകളിൽ നിന്ന് കെട്ടിടത്തിന് സംഭവിക്കാവുന്ന കേടുപാടുകൾക്ക്നഷ്ടപരിഹാരം നൽകുന്ന ഭവന ഇൻഷുറൻസ്. കെട്ടിടത്തോടൊപ്പമോ അല്ലാതെയോ വീട്ടിനുള്ളിലെ ഉപകരണങ്ങൾക്കും വീട്ടുസാധനങ്ങൾക്കും സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഹോം ഇൻഷുറൻസ് പരിഹാരമാണ്. ചില അവസരങ്ങളിൽ ചികിത്സാ ചെലവും നിയമസഹായവും ഭവന ഇൻഷുറൻസുകളിൽ നൽകാറുണ്ട്.
തീപിടുത്തം, മോഷണം, ഭവനവേദനം, എന്നിവ മൂലം ഉണ്ടാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ നാശനഷ്ടങ്ങൾ, വിലപിടിച്ച ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, തുടങ്ങിയവയ്ക്കൊക്കെ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഭവന ഇൻഷുറൻസ് ഉണ്ടെങ്കിൽ നഷ്ടപരിഹാരം ലഭിക്കും.
ഭവന ഇൻഷുറൻസുകളുടെ പ്രധാന നേട്ടങ്ങൾ
മനസ്സമാധാനം
വ്യക്തിജീവിതത്തിലെ പ്രധാന സമ്പാദ്യങ്ങളിൽ ഒന്നാണ് വീട്. അതുകൊണ്ടുതന്നെയാണ് വീടിന്റെ സംരക്ഷണവും പ്രധാനമായി വരുന്നത്. ഹ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ ആശങ്കപ്പെടുത്താറുണ്ട്. പ്രകൃതിദുരന്തങ്ങളിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ വൻ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാമ്പത്തിക നഷ്ടം കുറയ്ക്കാനായി ഭവന ഇൻഷുറൻസുകൾ ഭവന ഉടമയ്ക്ക് ഒരു ആശ്വാസമാണ്.
സാമ്പത്തിക പിന്തുണ
പ്രകൃതിദുരന്തങ്ങൾ പ്രവചനാതീതമായ കാലമാണ് ഇപ്പോൾ കേരളം. അപ്രതീക്ഷിത ദുരന്തങ്ങൾ ആയ ഭൂകമ്പം, വെള്ളപ്പൊക്കം, തുടങ്ങിയവ കാരണം വീടിന് കേടുപാടുകൾ സംഭവിച്ചാൽ സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ ഭവന ഇൻഷുറൻസുകൾ ഉണ്ടായിരിക്കണം. ഭവന പുനർനിർമാണത്തിനും, ഭവന അറ്റകുറ്റപണികൾക്കും, വേണ്ടിയുള്ള ചെലവുകൾ ഭവന ഇൻഷുറൻസിലൂടെ പിന്തുണ ലഭിക്കുന്നു.
വ്യക്തിഗത ബാധ്യത കവറേജ്
വീട്ടിനുള്ളിലോ ചുറ്റുപാടുകളിലോ വച്ച് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ചികിത്സാ ചെലവുകൾക്കും നിയമപരമായ ഫീസും പോളിസിയിൽ ഉൾക്കൊള്ളുന്നു. എന്നാൽ പോളിസി ഫീച്ചറുകൾ അവലോകനം ചെയ്യുന്നത് മതിയായ കവറേജ് ഉറപ്പാക്കാൻ നല്ലതാണ്.
എങ്ങനെ എടുക്കാം
സ്വന്തം വീടുകളിൽ താമസിക്കുന്നവർക്ക് സമഗ്ര പോളിസി ആയ ഭവന ഇൻഷുറൻസ് എടുക്കാം. എന്നാൽ വാടക വീടുകളിൽ താമസിക്കുന്നവർക്ക് വീട്ടുപകരണങ്ങളും സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പോളിസികളാണ് എടുക്കേണ്ടത്. വാടകവീട്ടിൽ താമസിക്കുന്നവർ വ്യക്തമായ മേൽവിലാസം നൽകാൻ ശ്രദ്ധിക്കണം കൂടാതെ വീട് മാറുമ്പോൾ പോളിസിയിൽ മേൽവിലാസം മാറ്റാനായി ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. വീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർക്ക് ഭവന ഇൻഷുറൻസ് പ്രയോജനപ്പെടുത്താവുന്നതാണ്.
നിരവധി ഇൻഷുറൻസ് കമ്പനികൾ ഭവന ഇൻഷുറൻസ് നൽകി വരുന്നുണ്ട്. വീടിന്റെ വലിപ്പവും സാമ്പത്തിക സ്ഥിതിയും നോക്കി ശരിയായ ഭവന പോളിസികൾ തിരഞ്ഞെടുക്കുക. അതുപോലെ ഇൻഷുറൻസിലെ നിബന്ധനകൾ വായിച്ച് മനസ്സിലാക്കിയതിനു ശേഷം പോളിസി എടുക്കാൻ ശ്രമിക്കുക.