സ്വർണ്ണം വാങ്ങാൻ ഇരിക്കുന്നവർക്ക് കയ്യിൽ ഒതുങ്ങുന്ന വിലയെത്തുമെന്ന് കൊതിപ്പിച്ച് സ്വർണ്ണവില കടന്നു കളയുകയാണ്.രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ തിങ്കളാഴ്ച സ്വർണ്ണവില വീണ്ടും വർദ്ധിച്ചു.
പവന് 80 രൂപയാണ് തിങ്കളാഴ്ച വർദ്ധിച്ചത്. പവന് 45,920 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർദ്ധിച്ച് 5,740 രൂപയിലാണ് വ്യാപാരം.ശനിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച ഇതേ വില തുടർന്നതിനുശേഷം ആണ് തിങ്കളാഴ്ച വിലവർധിച്ചത്.
ആഗോള വിപണിയിൽ സ്വർണ്ണവില
അമേരിക്കൻ വിപണിയിൽ സ്വർണ്ണവില നേട്ടം ഉണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച 2,019.7 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ വ്യാപാരത്തിൽ സ്പോട്ട് ഗോൾഡ് 0.16 ശതമാനം ഉയർന്ന് ഔൺസിന് 2,022.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഫെഡറൽ കഴിഞ്ഞ ആഴ്ച പലിശ നിരക്കുകൾ സ്ഥിരമായി നിലനിർത്തുകയും കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന പലിശ നിരക്ക് കർശനമാക്കൽ അവസാനിച്ചിരിക്കുകയാണെന്നും 2024ൽ പലിശ നിരക്ക് കുറയ്ക്കും എന്നുള്ള സൂചന നൽകിയതിന് പിന്നാലെ സ്വർണ്ണം ആഴ്ചയിൽ 0.8 ശതമാനം നേട്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
മാറുന്ന സ്വർണ്ണവില
സ്വർണ്ണവില കുറഞ്ഞു തുടങ്ങിയ ശേഷം ഒറ്റ ദിവസം കൊണ്ട് 800 രൂപ വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ഇതിന് പിന്നാലെ സ്വർണ്ണ വില ഇടിയുകയും ചെയ്തു. പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയിലാണ് ഡിസംബർ 11ന് സ്വർണ്ണ വ്യാപാരം നടന്നത്. ചൊവ്വാഴ്ചയും 160 രൂപ കുറഞ്ഞ് 45, 400 രൂപയിലേക്ക് ഒരു പവന്റെ വിലയെത്തി. ബുധനാഴ്ച 80 രൂപ കുറഞ്ഞ് 45,320 രൂപയായിരുന്നു സ്വർണ്ണവില. മാസത്തിലെ താഴ്ന്ന നിലവാരം ആയിരുന്നു ഇത്.
ഇവിടെനിന്ന് വ്യാഴം വെള്ളി ദിവസങ്ങളിലായി 880 രൂപ സ്വർണ്ണവിലയിൽ വർദ്ധനവ് ഉണ്ടായി. വ്യാഴാഴ്ച 800 രൂപ വർദ്ധിച്ച് 46,120 രൂപയിലേക്കും വെള്ളിയാഴ്ച 80 രൂപ വർദ്ധിച്ച് 46,200 രൂപയിലേക്കും സ്വർണ്ണവില എത്തി. എന്നാൽ ശനിയാഴ്ച 320 രൂപ കുറഞ്ഞതോടെ വാരാന്ത്യത്തിൽ 45,840 രൂപയിലാണ് സ്വർണ്ണ വ്യാപാരം അവസാനിച്ചത്.