ടെലിവിഷൻ പരസ്യത്തിലൂടെയും പത്ര പരസ്യത്തിലൂടെയും നിരവധി തവണ നമ്മൾ കേട്ട പേരാണ് പ്രധാൻമന്ത്രി ജൻധൻ യോജന. എന്നാൽ എന്താണ് ഈ പദ്ധതിയെന്ന് അറിയാത്തവർ നമുക്കിടയിലുണ്ട് എന്നതാണ് വാസ്തവം. ഇന്ത്യയിലെ പൗരന്മാരെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇത്. 2014ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രധാൻമന്ത്രി ജൻധൻ യോജ പദ്ധതി പ്രഖ്യാപിച്ചത്. ബാങ്കിംഗ്, സേവിങ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, ഇൻഷുറൻസ്, പെൻഷൻ, ലോണുകൾ, തുടങ്ങിയ സാമ്പത്തിക സേവനങ്ങളിൽ സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നതിനാണ് പ്രധാൻമന്ത്രി ജൻധൻ യോജന ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിൽ ഒന്നാണ് ഇത്.
യോഗ്യതകൾ
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. സർക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ എല്ലാവരിലും നേരിട്ട് എത്തുന്നതിനാണ് ജൻധൻ അക്കൗണ്ടുകൾ രൂപീകരിച്ചത്. ഏതൊരു ഇന്ത്യൻ പൗരനുംഈ പദ്ധതിയിൽ അംഗങ്ങളാകാം. 10 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.
ജൻധൻ അക്കൗണ്ട് പ്രത്യേകതകൾ
1. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരാൾക്കും ജൻധൻ അക്കൗണ്ട് തുറക്കാം.
2. മിനിമം ബാലൻസ് അക്കൗണ്ടിൽ വേണമെന്നില്ല.
3. അക്കൗണ്ടിൽ സീറോ ബാലൻസ് ആയിരിക്കുമ്പോൾ പോലും പ്രവർത്തനക്ഷമമായിരിക്കും.
4. സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് ലഭിക്കും.
5. അക്കൗണ്ടിനോടൊപ്പം ഒരു റുപേ ഡെബിറ്റ് കാർഡും വാഗ്ദാനം ചെയ്യുന്നു.
6. ഈ അക്കൗണ്ട് ഉടമകൾക്ക് ലൈഫ് ആക്സിഡന്റൽ ഇൻഷുറൻസ് പരിരക്ഷയ്ക്കും അർഹതയുണ്ട്.
നേട്ടങ്ങൾ
1. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പ്രധാനമന്ത്രിജീവൻ ജ്യോതി ഭീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന, മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് റീ ഫിനാൻസ് ഏജൻസി ബാങ്ക് തുടങ്ങിയ പദ്ധതികൾക്കും അർഹതയുണ്ട്.
2. സൗജന്യ ഇൻഷുറൻസ് പരിരക്ഷ.
3. ഗവൺമെന്റ് സബ്സിഡിയും ഗ്രാന്റുകളും നേരിട്ട് അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതാണ്.
4. യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ ഓവർ ഡ്രാഫ്റ്റ് ലഭിക്കും.
5. ബാങ്ക് ശാഖകളിലൂടെയോ എടിഎമ്മിലൂടെയോ, സിഡിഎമ്മുകളിലോ പണം നിക്ഷേപിക്കുന്നവർക്ക് പ്രത്യേക ചാർജ് ഉണ്ടാവില്ല
6. ഒരു മാസത്തിൽ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല.
അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെ
ദേശസാൽകൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും ഈ അക്കൗണ്ട് സീറോ ബാലൻസോടുകൂടെ ആരംഭിക്കാവുന്നതാണ്. അക്കൗണ്ട് തുടങ്ങുന്ന ആളുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. പിഎംജെഡിവൈയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റിൽ നിന്നോ പ്രധാൻമന്ത്രി ജൻധൻ യോജനയുടെ ഫോം ലഭിക്കുന്നതാണ്. നിങ്ങളുടെ കെവൈസി വിശദാംശങ്ങൾ പൂരിപ്പിച്ച് തിരിച്ചറിയൽ രേഖയും ഇതിനോടൊപ്പം അറ്റാച്ച് ചെയ്തു അടുത്തുള്ള ബാങ്കിൽ കൊടുക്കുക. ഇവിടെ ബന്ധപ്പെട്ട ജീവനക്കാർ രേഖകൾ പരിശോധിച്ചു കഴിഞ്ഞ ശേഷം ബാങ്ക് അക്കൗണ്ട്m ആരംഭിക്കും.