2023 അവസാനിക്കുന്നതിനു മുൻപ് ചെയ്തിരിക്കേണ്ട കാര്യങ്ങൾ

2023 അവസാനിക്കുന്നതിനു മുൻപ് ചെയ്തിരിക്കേണ്ട കാര്യങ്ങൾ

വളരുന്ന സാങ്കേതികവിദ്യക്കൊപ്പം കുതിക്കുകയാണ് വ്യാവസായ-സാമ്പത്തിക മേഖലകൾ എല്ലാം. ഒറ്റ ക്ലിക്കിൽ  വിവരങ്ങളെല്ലാം മുന്നിലെത്തുന്ന കാലഘട്ടത്തിൽ കൃത്യനിഷ്ഠതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ചെയ്തുതീർക്കേണ്ട കാര്യങ്ങൾ കൃത്യസമയത്ത് നടക്കുന്നുണ്ടോ എന്ന് നാം ഉറപ്പുവരുത്തേണ്ടതാണ്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങൾ. 2023ന്റെ അവസാനം നീങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന ചില കാര്യങ്ങളും അതിന്റെ പരിഹാരങ്ങളും നമുക്കൊന്ന് നോക്കിയാലോ.



 ആധാർ അപ്ഡേഷൻ സൗജന്യമായി

 ആധാർ സൗജന്യമായി ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യേണ്ട അവസാന തീയതി 2023 ഡിസംബർ 14നാണ്. ഇന്ത്യൻ പൗരന്മാർക്ക് തിരിച്ചറിയൽ രേഖയും മേൽവിലാസവും നൽകി അപ്ഡേറ്റ് ചെയ്യാം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരിക്കൽപോലും അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തവരാണെങ്കിൽ ആധാർ അപ്ഡേറ്റ് നിർബന്ധമായും ചെയ്തിരിക്കണം. MyAadhar പോർട്ടൽ സന്ദർശിച്ചാൽ ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ 50 രൂപ ഫീസ് ഉണ്ടെന്ന കാര്യം മറക്കരുത്. സൗജന്യ അപ്ഡേറ്റുകൾ ഓൺലൈനിൽ മാത്രമേ ലഭ്യമാകയുള്ളൂ.

 ഉപയോഗിക്കാത്ത യു പി ഐ ഐഡികൾ

 നവംബർ 7ന് പുറത്തിറക്കിയ സർക്കുലറിൽ ഒരു വർഷത്തിലേറെയായി ഉപയോഗശൂന്യമായി തുടരുന്ന യുപിഐ ഐഡികളും നമ്പറുകളും പ്രവർത്തനരഹിതമാക്കാൻ നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) പേയ്മെന്റ് ആപ്പുകളോടും ബാങ്കുകളോടും നിർദ്ദേശിച്ചു. 2023 ഡിസംബർ 31 ഓടെ മൂന്നാം കക്ഷി ആപ്പ് ദാതാക്കളും, പേയ്മെന്റ് സേവന ദാതാക്കളും, ഇനി പറയുന്ന പ്രവർത്തനങ്ങൾ മാർഗനിർദ്ദേശം അനുസരിച്ച് സംയോജിപ്പിക്കാൻ ബാധ്യസ്ഥരാണ്.

 പുതുക്കിയ ബാങ്ക് ലോക്കർ കരാർ

 സേഫ് ഡെപ്പോസിറ്റ് ബാങ്ക് ലോക്കറുകൾ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഇതനുസരിച്ച് ഉപഭോക്താക്കൾ അവരുടെ ബാങ്കുകളും ആയി ഒരു പുതിയ കരാർ ഒപ്പിടണം. വാടക നൽകുന്നത് തുടരുകയാണെങ്കിൽ മാത്രമേ ഉപഭോക്താക്കൾക്ക് ലോക്കറുകൾ ഉപയോഗിക്കാൻ കഴിയൂ. കരാറിൽ എത്തുന്ന സമയപരിധി 2023 ഡിസംബർ 31ആണ്. നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും മ്യൂച്ചൽ ഫണ്ട് യൂണിറ്റ്  ഉടമകൾക്കും നോമിനിയെ തെരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണ്.