പുതുവർഷത്തിലും മാറ്റമില്ലാതെ സ്വർണ്ണവില. 2023ലെ സമാന നിലവാരത്തിൽ തന്നെയാണ് സ്വർണ്ണം ഇപ്പോഴും വ്യാപാരം നടക്കുന്നത്. ആദ്യദിവസം മാറ്റമില്ലാതെ തുടർന്ന് ശേഷം ചൊവ്വാഴ്ച 160 രൂപ വർദ്ധിച്ച് 47000 നിലവാരത്തിൽ എത്തിയ സ്വർണ്ണവില ബുധനാഴ്ച താഴേക്കെത്തി. കേരള വിപണിയിൽ 200 രൂപ കുറഞ്ഞ് 46800 രൂപയിലാണ് സ്വർണ്ണം വ്യാപാരം നടക്കുന്നത്. ഒരാഴ്ചയ്ക്കിടയിലെ കുറഞ്ഞ വിലയാണ് ഇത്.
വില ഉയരാൻ സാധ്യത
2023 ൽ 6760 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. 40,360ൽ നിന്ന് 47,120 രൂപയിലേക്ക് വിലവർദ്ധിച്ചു. ഭൗമ രാഷ്ട്ര പിരിമുറുക്കങ്ങളും അനുകൂലമായ സാമ്പത്തിക നയങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്വർണ്ണവില മുന്നേറുന്നത്.
ജനുവരി രണ്ടാം തീയതിയാണ് വർഷത്തിലെ താഴ്ന്ന നിലവാരമായ40,360 രൂപ രേഖപ്പെടുത്തിയത്. ഡിസംബർ 28ന് രേഖപ്പെടുത്തിയ 47,120 രൂപയാണ് ഈ വർഷത്തെ ഉയർന്ന നിലവാരം. പലിശ നിരക്ക് കുറയാനുള്ള സാഹചര്യം മുന്നിൽ ഉള്ളതിനാൽ സ്വർണ്ണവില മുന്നേറാനാണ് സാധ്യത.
സ്വർണ്ണവില ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർക്ക് 'ബൈ ഓൺ ഡിപ്സ് ' തന്ത്രം സ്വീകരിക്കാമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. യുഎസ് ഡോളർ ശക്തമാകുന്നത് സ്വർണ്ണവിലയുടെ നേട്ടങ്ങളെ നിയന്ത്രിക്കും. ഭൗമ രാഷ്ട്രീയ തടസ്സങ്ങളും സ്വർണ്ണത്തെ സ്വാധീനിക്കും. ഉയർന്ന വില കാരണം ഇന്ത്യയിലെ ഭൗതിക സ്വർണ്ണ ഡിമാൻഡ് ദുർബലമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇടിവുകളാണ് ഉപയോഗപ്പെടുത്തേണ്ടത്.
ആഗോള വിപണിയിൽ
പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്ന ഡിസംബറിലെ ഫെഡറൽ റിസർവ് പോളിസി മീറ്റിംഗ് മിനിട്സിനായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ബുധനാഴ്ച സ്വർണ വില സ്ഥിരമായി തുടരുകയാണ്. 0.28 ശതമാനം നേട്ടത്തിൽ 2,064.85 ഡോളറിലാണ് സ്പോട്ട് ഗോൾഡ് ഔൺസിന്റെ വില.
2020 നു ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടമാണ് 2023 ൽ സ്വർണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ യുഎസ് പലിശ നിരക്ക് വെട്ടി കുറയ്ക്കാനുള്ള സാധ്യതയും ഉക്രെയിൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ആണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. ഈ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സ്വർണ്ണവില ഉയരാൻ തന്നെയാണ് സാധ്യത.