അനാഥാലയത്തില്‍ നിന്നും മുത്തശ്ശി നവജ് ബായി ടാറ്റ ഔദ്യോഗികമായി ദത്തെടുക്കുന്നത് മുതല്‍ തുടങ്ങുന്നു ബിസിനസിനപ്പുറത്തേക്ക് വളര്‍ന്ന രത്തന്‍ ടാറ്റയെന്ന അതികായന്റെ ജീവിത കഥ
എട്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും കുടിയേറിയ പാഴ്‌സി കുടുംബത്തിലെ ഇളമുറക്കാരന്‍ മാത്രമായിരുന്നു ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ രത്തന്‍ നവല്‍ ടാറ്റ. തന്റെ പത്താം വയസില്‍ മാതാപിതാക്കളായ നവല്‍ ടാറ്റയും സൂനി കമ്മിസരിയാറ്റും വേര്‍ പിരിയുമ്പോള്‍ അനാഥമായ ബാല്യം. പിന്നീട് ജെ.എന്‍ പെറ്റിറ്റ് പാര്‍സി അനാഥാലയത്തില്‍ നിന്നും മുത്തശ്ശി നവജ്ഭായ് ടാറ്റ ഔദ്യോഗികമായി ദത്തെടുക്കുന്നത് മുതല്‍ തുടങ്ങുന്നു ബിസിനസിനപ്പുറത്തേക്ക് വളര്‍ന്ന രത്തന്‍ ടാറ്റയെന്ന അതികായന്റെ ജീവിത കഥ.
ആര്‍കിടെക്ട് ആയ ബിസിനസുകാരന്‍
1937 ഡിസംബര്‍ 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിലാണ് രത്തന്‍ ടാറ്റയുടെ ജനനം. അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയോടൊപ്പമായിരുന്നു ബാല്യകാലം. മാതാപിതാക്കളെ പിരിഞ്ഞതോടെ അനാഥാലയത്തിലായെങ്കിലും പിന്നീട് മുത്തശ്ശിക്കൊപ്പമായിരുന്നു ജീവിതം. മുംബൈയിലെ കാംപിയന്‍ സ്‌കൂള്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കാനന്‍ സ്‌കൂള്‍, ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍, ന്യൂയോര്‍ക്കിലെ റിവര്‍ഡെയില്‍ കണ്‍ട്രി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രത്തന്‍ ടാറ്റ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. പിന്നീട് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയ രത്തന്‍ ടാറ്റ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും വിജയകരമായി പൂര്‍ത്തിയാക്കി. 1962ല്‍ ടെല്‍കോ (നിലവില്‍ ടാറ്റ മോട്ടോര്‍സ്) എന്ന ടാറ്റ കമ്പനിയിലാണ് രത്തന്‍ ടാറ്റയുടെ ഇന്ത്യയിലെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1982ല്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ പദവിയും സാക്ഷാല്‍ ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയുമായി രത്തന്‍ ടാറ്റ മാറി.
പ്രണയം
ലോകമറിയുന്ന ബിസിനസുകാരനായിട്ടും രത്തന്‍ ടാറ്റ അവിവാഹിതനായി തുടര്‍ന്നതിന് പിന്നിലെ രഹസ്യമെന്താണ്? ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് - ''നാല് തവണ ഞാന്‍ വിവാഹം കഴിക്കാനൊരുങ്ങി, എന്നാല്‍ പല ആശങ്കകളും മൂലം അതില്‍ നിന്നും പിന്തിരിഞ്ഞു''. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിലെത്തുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തോളം ലോസ് ആഞ്ചലസില്‍ രത്തന്‍ ടാറ്റ ജോലി നോക്കിയിരുന്നു. ജീവിതത്തിലെ മികച്ച കാലഘട്ടമെന്ന് സ്വയം അടയാളപ്പെടുത്തുന്ന ഈ കാലത്തായിരുന്നു അദ്ദേഹത്തിന്റെ പ്രണയം. വിവാഹത്തിലേക്ക് പോകുമെന്ന് കരുതിയിരുന്നപ്പോഴാണ് മുത്തശ്ശിക്ക് സുഖമില്ലെന്ന വാര്‍ത്തയറിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. പ്രണയിനിയും കൂടെയുണ്ടാകുമെന്ന് കരുതിയെങ്കിലും 1962ലെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്നതിനാല്‍ വനിതാ സുഹൃത്തിന്റെ കുടുംബം മകളെ ഇന്ത്യയിലേക്ക് വിടാന്‍ തയ്യാറായില്ല. ആ ബന്ധം അങ്ങനെ അവസാനിച്ചെന്ന് ഹ്യൂമന്‍സ് ഓഫ് ബോംബൈ എന്ന പ്ലാറ്റ്‌ഫോമിന് നല്‍കിയ അഭിമുഖത്തില്‍ രത്തന്‍ ടാറ്റ വെളിപ്പെടുത്തിയിരുന്നു. പിന്നീട് മുന്‍ഗാമിയായ ജഹാന്‍ഗീര്‍ രത്തന്‍ജി ടാറ്റയേക്കാള്‍ ലോകമറിയുന്ന തരത്തില്‍ ടാറ്റ ഗ്രൂപ്പിനെ വളര്‍ത്തിയെങ്കിലും അദ്ദേഹം അവിവാഹിതനായി തുടര്‍ന്നു.
കരുത്തായി നിന്ന മുത്തശ്ശി
എന്ത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാനുള്ള ഉപദേശങ്ങള്‍ കൊടുത്തത് നവജ്ബായി ടാറ്റയെന്ന മുത്തശ്ശിയായിരുന്നുവെന്ന് രത്തന്‍ ടാറ്റ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ടാറ്റ സണ്‍സിലെ ആദ്യ വനിതാ ഡയറക്ടറും സര്‍ രത്തന്‍ ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണുമായിരുന്ന നവജ്ബായി 1965ല്‍ മരിക്കുന്നത് വരെ രത്തന്‍ ടാറ്റയുടെ ഉപദേശകയായിരുന്നു.
മകനെപ്പോലെ കൂടെക്കൂട്ടിയ സഹായി
വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജനിച്ചവരാണെങ്കിലും രത്തന്‍ ടാറ്റയ്‌ക്കൊപ്പം അവസാന കാലഘട്ടം വരെ കൂടെയുണ്ടായിരുന്നത് ശന്തനു നായിഡുവെന്ന ചെറുപ്പക്കാരനായിരുന്നു. എഞ്ചിനീയറിംഗ് ഇന്റേണായി തുടങ്ങിയ ശന്തനു രത്തന്‍ ടാറ്റയുടെ ഏറ്റവും വിശ്വസ്തനായ ജനറല്‍ മാനേജറായി മാറിയത് പെട്ടെന്നാണ്. പ്രായമായവര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്ന ഗുഡ്‌ഫെലോസ് (Goodfellows) എന്ന കമ്പനിയുടെ ഉടമ കൂടിയാണ് ശന്തനു. 5 കോടി രൂപയാണ് ഈ കമ്പനിയുടെ മൊത്തവരുമാനം. തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഒരു എന്‍.ജി.ഒയുടെ പരിപാടിക്കിടെ കണ്ട ശന്തനുവിനെ രത്തന്‍ ടാറ്റ തനിക്കൊപ്പം കൂട്ടിയെന്നും ഒരു കഥയുണ്ട്. പൊതുവേദികളില്‍ രത്തന്‍ ടാറ്റയ്‌ക്കൊപ്പം കണ്ടതോടെ ശന്തനു ആരാണെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. താന്‍ മകനെപ്പോലെ കാണുന്നയാളാണ് ശന്തനുവെന്നാണ് ഇതിന് ടാറ്റ മറുപടി പറഞ്ഞത്.
ടാറ്റയെന്ന മാര്‍ഗദര്‍ശി
വെറുമൊരു ബിസിനസുകാരനെന്ന വിശേഷണത്തേക്കാള്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ കാലത്ത് ഇന്ത്യന്‍ ബിസിനസ് രംഗത്തെ പുതിയൊരു തലത്തിലേക്ക് നയിച്ചയാള്‍ കൂടിയാണ് രത്തന്‍ ടാറ്റ.
എന്തുവന്നാലും അന്തസ് വിട്ടുകളയരുതെന്ന മുത്തശ്ശിയുടെ പാഠമായിരുന്നു അദ്ദേഹത്തെ നയിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ വികസനം എന്നീ മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്ത മനുഷ്യസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. ഇതിനായി രൂപീകരിച്ച ടാറ്റ ട്രസ്റ്റിന്റെ മുഴുവന്‍ സാധ്യതകളെയും അദ്ദേഹം ഉപയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും കോവിഡ് കാലത്ത് നല്‍കിയ 500 കോടി രൂപയുടെ സംഭാവനയുമൊക്കെ ഇതിന് ഉദാഹരണം മാത്രം. കോവിഡ് കാലത്ത് കാസര്‍ഗോഡ് താത്കാലിക ആശുപത്രി പോലും ടാറ്റ ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. ഒരു കുടുംബം മുഴുവന്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് കണ്ടതിന് ശേഷമാണ് ഒരുലക്ഷം രൂപയ്ക്ക് കാറെന്ന ലക്ഷ്യത്തോടെ ടാറ്റ നാനോയെന്ന ബ്രാന്‍ഡിലേക്ക് രത്തന്‍ ടാറ്റയെത്തുന്നത്. അന്നുവരെ ലോകത്താരും ഇങ്ങനെയൊരു സ്വപ്‌നം കണ്ടിട്ടുണ്ടാകില്ല. താന്‍ പഠിച്ച ഹാര്‍വാര്‍ഡ്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ധനസഹായം ചെയ്തയാളുമാണ് രത്തന്‍ ടാറ്റ.
ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ (ജനനം : 28 ഡിസംബർ 1937 , മരണം : ഒക്ടോബർ 9 , 2024 )പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം 2012 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞു.
ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയും നാനോയും ടാറ്റാ മോടോഴ്സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.
ജീവിതരേഖ
* 1937 ഡിസംബർ 28 - മുംബൈയിൽ ജനനം.
* 1962 അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബി.എസ്. സി ബിരുദം.
* 1962 ടാറ്റാ ഗ്രൂപ്പിൽ ചേരുന്നു.
* 1971 നാഷണൽ റേഡിയോ ആൻഡ് എലെക്ട്രോണിക്സ് കമ്പനിയുടെ (നെൽകൊ) ഡയരക്ടർ ആകുന്നു.
* 1974 ടാറ്റാ സൺസിൽ ഡയരക്ടർ ആകുന്നു.
* 1975 ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ മനേജ്മെന്റ് പഠനം പൂർത്തിയാകുന്നു.
* 1977 എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
* 1981 ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനാകുന്നു.
* 1991 ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നു.
* 2012 ഡിസംബർ - ചെയർമാൻ സ്ഥാനത്തുനിന്ന് പിരിയുന്നു.
ജെ.ആർ.ഡി.ടാറ്റയേപ്പോലെ രതൻ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആണ്. സ്വന്തം ഫാൾകൻ ബിസിനസ് ജെറ്റ് അദ്ദേഹം പറത്താറുണ്ട്. എയറോ ഇന്ത്യ 2007-ൽ അദ്ദേഹം പ്രദർശനത്തിനെത്തിയ എഫ്-16, എഫ/എ-18 ഫൈറ്റർ വിമാനങ്ങളും പറത്തിയിട്ടുണ്ട്.