പോസ്റ്റുകള്‍

4% പലിശയിൽ 5 ലക്ഷം വരെ വായ്പ ലഭിക്കും; കിസാൻ ക്രെഡിറ്റ് കാർഡ് എങ്ങനെ പ്രവർത്തിക്കുന്നു?

2025 ലെ കേന്ദ്ര ബജറ്റിൽ നികുതി ആനുകൂല്യങ്ങൾക്കൊപ്പം കർഷകർക്കുള്ള നേട്ടങ്ങളെ കുറിച്ചും പരാമർശിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുന്നു എന്ന പ്രഖ്യാപനം. ഇത് കർഷകർക്ക് അനു​ഗ്രഹമായി. സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം നൽകാനും കാർഷിക ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം പ്രോത്സാഹിപ്പിക്കുന്നതിനും, ഗ്രാമീണ വളർച്ച വർദ്ധിപ്പിക്കുന്നതിനുമാണ് ഇന്ത്യാ ഗവൺമെന്റ് വായ്പാ പരിധി വർദ്ധിപ്പിച്ചത്. 

 കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി എന്താണ്? 
കർഷകർക്ക് ഹ്രസ്വകാല വായ്പകൾ വാ​ഗ്ദാനം ചെയ്യുന്ന ഒരു വായ്പാ പദ്ധതിയാണിത്. സബ്‌സിഡി നിരക്കിലാണ് ഈ വായ്പകൾ കർഷകർക്ക് നൽകുന്നത്. 1998ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) എന്ന ഈ പദ്ധതി സർക്കാർ ആരംഭിക്കുന്നത്. കാർഷിക പ്രവർത്തനങ്ങളിലേക്ക്.. പ്രത്യേകിച്ചും വിത്തുകൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കുക എന്നതാണ് ഇപ്പോൾ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാർഷിക രം​ഗത്തെ കൈപിടിച്ച് ഉയർത്താനുള്ള സർക്കാരിന്റെ ശ്രമഫലമാണ് കെ.സി.സി. 

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലെ പ്രധാന മാറ്റങ്ങൾ? 2025 ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കെസിസി സ്കീമിനു വേണ്ടി വായ്പാ പരിധി വർദ്ധിപ്പിച്ചു കൊണ്ട് പ്രഖ്യാപനം നടത്തി. 5 ലക്ഷം രൂപയിലേക്കാണ് പരിധി ഉയർത്തിയത്. ഈ മാറ്റം കർഷകർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും കാർഷിക രം​ഗത്തെ വളർച്ചക്കും വഴിയൊരുക്കും. മാത്രമല്ല മാറ്റും വായ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറഞ്ഞ വായ്പകളാണ് ഇത്.

 കിസാൻ ക്രെഡിറ്റ് കാർഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

 കിസാൻ ക്രെഡിറ്റ് കാർഡിൽ ഒരു വ്യക്തിഗത തിരിച്ചറിയൽ നമ്പർ (PIN) ഉം ഒരു അന്താരാഷ്ട്ര തിരിച്ചറിയൽ നമ്പറും (IIN) ഉണ്ട്. ഇത് ഒരു മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡായി പ്രവർത്തിക്കുന്നു. ഏറ്റവും വലിയ നേട്ടം എന്തെന്നാൽ ഈ കാർഡ് ഉപയോഗിച്ച് കർഷകർക്ക് ഇപ്പോൾ എ.ടി.എമ്മുകളിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും. ഇത് കർഷകർക്ക് എളുപ്പത്തിൽ പണം പിൻവലിക്കാൻ സഹായിക്കുന്നു. കർഷകർക്ക് ഇപ്പോൾ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ അടുത്തിടെ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? 2025 ലെ ബജറ്റ് പ്രകാരം ഈ പദ്ധതി 7.7 കോടി കർഷകരിലേക്ക് വ്യാപിപ്പിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. ഇത് കൂടുതൽ കർഷകരിലേക്ക് ഈ നേട്ടം എത്താൻ അനുവദിക്കും, പ്രത്യേകിച്ച് വളരെ പരിമിതമായ ഭൂമി കൈവശമുള്ളവർക്ക് ഈ നേട്ടം ഉറപ്പാക്കാം. മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും കെ.സി.സി ആനുകൂല്യം ലഭിക്കും. 

 കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം സബ്സിഡികൾ എന്തൊക്കെയാണ്? 

കെ.സി.സി പദ്ധതി പ്രകാരം 3 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശ നിരക്കിൽ 7% ഇളവ് വാഗ്ദാനം ചെയ്യുന്നു. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് 3% പലിശ സബ്‌സിഡിയുടെ പ്രയോജനം ലഭിക്കും. ഇത് പലിശ നിരക്ക് 4% ആയി കുറയ്ക്കും. എന്നിരുന്നാലും, 3 ലക്ഷത്തിന് മുകളിലുള്ള വായ്പകൾ നിങ്ങളുടെ ബാങ്കിന്റെ പോളിസി അനുസരിച്ച് പലിശ നിരക്കുകൾക്ക് വിധേയമായിരിക്കും. കൂടാതെ, ബാങ്ക് നിർദ്ദിഷ്ട വിശദാംശങ്ങൾ ലഭിക്കുന്നതിന് അപേക്ഷകർ അതത് ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിക്കുകയും അവരുടെ കസ്റ്റമർ സപ്പോർട്ട് സ്റ്റാഫുമായി ബന്ധപ്പെടുകയും ചെയ്യണം.