സ്ത്രീകള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ; വെറും 6% പലിശ നിരക്കില്‍

 വലിയ സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് സമൂഹം സാക്ഷിയാകുന്ന ഈ സമയത്ത് നിങ്ങള്‍ മാത്രം എന്തിന് മാറി നില്‍ക്കണം? മികച്ച ഒരു ആശയമുണ്ടെങ്കില്‍ ഒരു സ്വയം തൊഴില്‍ സംരംഭവും തുടങ്ങാൻ ആഗ്രഹമുണ്ടെങ്കില്‍ 30 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് വായ്പയായി ലഭിക്കും. 'വനിതകളുടെ സമഗ്ര ശാക്തീകരണം' എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവർത്തിച്ചുവരുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വഴിയാണ് വായ്പകള്‍ വിതരണം ചെയ്യുന്നത്. കോർപ്പറേഷനില്‍ നിന്നും ലഭിക്കുന്ന വായ്പ പദ്ധതികളെക്കുറിച്ചും പലിശയും അപേക്ഷിക്കേണ്ട രീതിയുമടക്കമുള്ള മറ്റ് വിവരങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

  സമൂഹത്തില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ടാണ് വായ്പ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് വായ്പ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ ധനകാര്യ കോർപ്പറേഷനുകളായ നാഷ്ണല്‍ മൈനോരിറ്റീസ് ഡെവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ (എൻ.എം.ഡി.എഫ്.സി), നാഷ്ണല്‍ ബാക്ക്വേർഡ് ക്ലാസസ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.ബി.സി.എഫ്.ഡി.സി), നാഷ്ണല്‍ സ്കെഡ്യൂള്‍ഡ് കാസ്റ്റ്സ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.സി.എഫ്.ഡി.സി) എന്നിവയുടെ വായ്പാ ധന സഹായവും, കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച്‌ മിതമായ പലിശ നിരക്കിലാണ് വിവിധ വായ്പകള്‍ വിതരണം ചെയ്യുന്നത്.

സ്വയം തൊഴില്‍ വായ്പ - പിന്നോക്ക വിഭാഗം

സർക്കാർ അംഗീകരിച്ച പിന്നോക്ക വിഭാഗങ്ങളില്‍ (ഒബിസി) ഏതിലെങ്കിലും ഉള്‍പ്പെട്ട ആളുകള്‍ക്ക് വായ്പ ലഭ്യമാകും. വായ്പ അപേക്ഷകരുടെ വാർഷിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപയും, നഗരങ്ങളില്‍ 1,20,000 രൂപയുമാണ്. വായ്പ അപേക്ഷകരുടെ പ്രായം 18 നും 55 നും ഇടയിലായിരിക്കണം. 

പരമാവധി വായ്പ തുക - 10 ലക്ഷം രൂപ വരെ

പലിശ നിരക്ക് :

5 ലക്ഷം രൂപ വരെ 6 ശതമാനം (വാർഷിക പലിശ)

5 മുതല്‍ 10 ലക്ഷം രൂപ വരെ 8 ശതമാനം (വാർഷിക പലിശ)

തിരിച്ചടവ് കാലാവധി : 60 മാസം

പിഴ പലിശ : 6 ശതമാനം

ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം

സ്വയം തൊഴില്‍ വായ്പ - ന്യൂനപക്ഷ വിഭാഗം

സർക്കാർ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളിലുള്‍പ്പെട്ടവർക്ക് 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പയ്ക്ക് അർഹതയുണ്ട്. വാർഷിക വരുമാന അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായാണ് വായ്പ അനുവദിക്കുന്നത്. ആദ്യ വിഭാഗത്തില്‍ (ക്രെഡിറ്റ് ലൈണ്‍ 1) ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത്‌ 81,000 രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത്‌ 1,03,000 രൂപ വരെയുമുള്ളവർക്ക് 20 ലക്ഷം രൂപയും രണ്ടാമത്തെ വിഭാഗത്തില്‍ (ക്രെഡിറ്റ് ലൈണ്‍ 2) വാർഷിക വരുമാനം 6 ലക്ഷം രൂപ വരെയുള്ളവർക്ക് 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കുന്നു. അപേക്ഷകരുടെ പ്രായം 18 നും 55 നും ഇടയിലായിരിക്കണം.

പരമാവധി വായ്പ തുക :

ക്രെഡിറ്റ് ലൈണ്‍ 1: 20 ലക്ഷം രൂപ വരെ

ക്രെഡിറ്റ് ലൈണ്‍ 2 : 30 ലക്ഷം രൂപ വരെ

പലിശ നിരക്ക്‌ :

ക്രെഡിറ്റ് ലൈണ്‍ 1: 6 ശതമാനം

ക്രെഡിറ്റ് ലൈണ്‍ 2 : 6 ശതമാനം

പിഴപലിശ :

ക്രെഡിറ്റ് ലൈണ്‍ 1: 6 ശതമാനം

ക്രെഡിറ്റ് ലൈണ്‍ 2 : 6 ശതമാനം

തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍

ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

സ്വയം തൊഴില്‍ വായ്പ - പട്ടികജാതി വിഭാഗം

സർക്കാര്‍ അംഗീകരിച്ച പട്ടികജാതി സമുദായത്തില്‍പ്പെട്ട ആളുകള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്നു. വായ്പ യോഗ്യതയുടെ പ്രധാന മാനദണ്ഡം വരുമാന പരിധിയാണ്. ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപ വരെയും, നഗരങ്ങളില്‍ 1,20,000 രൂപ വരെയുമായി ഇത് നിശ്ചയിച്ചിരിക്കുന്നു. 

പരമാവധി വായ്പ തുക : 3 ലക്ഷം രൂപ വരെ

പലിശ നിരക്ക് : 6 ശതമാനം

പിഴ പലിശ : 6 ശതമാനം

തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍

ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം

സ്വയം തൊഴില്‍ വായ്പ - ജനറല്‍ വിഭാഗം

സംഭരണ വിഭാഗത്തിലൊന്നും ഉള്‍പ്പെടാത്ത സ്ത്രീകള്‍ക്കും വായ്പ ലഭിക്കുന്നു. എന്നാല്‍ ഇവിടെയും യോഗ്യത മാനദണ്ഡമായി വാർഷിക വരുമാനം കണക്കാക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളില്‍ 81,000 രൂപയും, നഗരങ്ങളില്‍ 1,20,000 രൂപ വരെയുമാണ്. പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം.

അപേക്ഷ ഫോം

കേരള വനിതാ വികസന കോർപ്പറേഷന്റെ മേഖല/ജില്ലാ ഓഫീസുകളില്‍ നിന്നും www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം സൗജന്യമായി ലഭിക്കും. അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ രേഖകള്‍ക്കൊപ്പം സമർപ്പിക്കണം. 

രേഖകള്‍

1. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ പകർപ്പ്

2. ജാതി, വയസ്സ് ഇവ തെളിയിക്കുന്ന രേഖകള്‍( എസ്‌എസ്‌എല്‍സി/സ്കൂള്‍ സർട്ടിഫിക്കറ്റിന്റെ പകർപ്പ്/ വില്ലേജ് / താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി സർട്ടിഫിക്കറ്റും, വയസ്സ് തെളിയിക്കുന്നതിന് സർക്കാർ മെഡിക്കല്‍ ഒഫീസറുടെ സാക്ഷ്യ പത്രവും)

3. റേഷന്‍ കാർഡിന്റെ ഇരുപുറം

4. വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കുടുംബ വാർഷിക വരുമാന സര്ട്ടിഫിക്കറ്റ്

5. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാർഡ്

6. ആധാര്‍ കാർഡ്

7. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്

8. അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച്‌ അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോർട്ടും 5 രൂപ തപാല്‍ സ്റ്റാമ്ബ് ഒട്ടിച്ച്‌ സ്വന്തം മേല്വി‍ലാസം എഴുതിയ കവറും, അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ജാമ്യം

വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍

1. 5 സെന്ററില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും, അനുബന്ധ രേഖകളും നല്‍കേണ്ടതാണ്

2. മുന്‍ ആധാരം

3. വസ്തുവിന്റെ കരം അടച്ച രസീത്

4. വസ്തുവിന്റെ വില നിർണ്ണയ സർട്ടിഫിക്കറ്റ്

5. വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശാവകാശ സർട്ടിഫിക്കറ്റ്

6. വില്ലേജ് ഓഫീസര്‍ നല്കിയ ലൊക്കേഷന്‍ സർട്ടിഫിക്കറ്റും സ്കെച്ചും

7. സബ്‌ രജിസ്ട്രാറില്‍ നിന്നുള്ള 15 വര്ഷടത്തില്‍ കുറയാത്ത കുടിക്കിട(ബാധ്യത) സർട്ടിഫിക്കറ്റ്

ഉദ്യോഗസ്ഥ ജാമ്യം

* 1 ലക്ഷം-3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച്‌ പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10 ശതമാനം വരെ ശമ്ബളം കൈപ്പറ്റുന്ന ഒരു സർക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.

* 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച്‌ പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12 ശതമാനം വരെ ശമ്ബളം കൈപ്പറ്റുന്ന ഒരു സർക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.

* 3 ലക്ഷം-5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച്‌ പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12 ശതമാനം വരെ ശമ്ബളം കൈപ്പറ്റുന്ന ഒരു സർക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.

വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും തൊട്ടടുത്തുള്ള കേരള വനിതാ വികസന കോർപ്പറേഷൻ മേഖല ഓഫീസുമായി ബന്ധപ്പെടുക.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഞങ്ങൾ ഉത്തരവാദികളല്ല.